Advertisement
World News
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, ലോകത്തെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം: ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 03:23 pm
Sunday, 20th April 2025, 8:53 pm

വത്തിക്കാന്‍ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരുന്ന മാര്‍മാപ്പ ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പോപ്പിന്റെ സഹായിയാണ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ വിശ്വാസികളോട് പറഞ്ഞത്.

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സന്ദേശത്തില്‍ പറഞ്ഞതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ സ്ഥിതി പരിതാപകരമാണെന്നും പട്ടിണികിടക്കുന്ന ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം, ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു.

ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണം വീണ്ടും ആരംഭിച്ചതില്‍ താന്‍ ദുഖിതനാണെന്നും ആക്രമണം നിരവധി ജീവനെടുക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയുടെ ജനാലയ്ക്കരികില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ആശുപത്രി മുറ്റത്ത് എത്തിയിരുന്ന 3000ത്തിലധികം ആളുകളെ അഭിവാദ്യം ചെയ്തായിരുന്നു അന്ന് സംസാരിച്ചത്. ന്യൂമോണിയ ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14നായിരുന്നു റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ ഗസയില്‍ ബോംബാക്രമണം ആരംഭിക്കുകയായിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ 51,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, അവരില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ശേഷം ഇസ്രഈല്‍ മാരകമായ വ്യോമാക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചു.

Content Highlight: A ceasefire must be declared in Gaza, conflicts around the world must end: Pope Francis in his Easter message