തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ, ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
സിനിമക്കായി സൂര്യ ആദ്യകാലത്ത് നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍. ആദ്യകാലത്ത് പലരും സൂര്യയുടെ അഭിനയത്തെ വിമര്‍ശിച്ചിരുന്നെന്നും സൂര്യക്ക് അഭിനയിക്കാനറിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. സൂര്യ ഒരു നടനായി വരുമെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ ആദ്യചിത്രമായ നേര്‍ക്ക് നേര്‍ എന്ന സിനിമക്കായി താരം ഡാന്‍സും ഫൈറ്റുമെല്ലാം പ്രാക്ടീസ് ചെയ്തിരുന്നനെന്നും ശിവകുമാര്‍ പറഞ്ഞു. അന്നത്തെ വലിയ ഡാന്‍സ് മാസ്റ്റര്‍മാരുടെ ശിക്ഷണത്തില്‍ അതിരാവിലെ ഡാന്‍സ് പ്രാക്ടീസിനായി ചെല്ലുമായിരുന്നെന്നും സ്വയം കഷ്ടപ്പെടുത്തി മികച്ച നടനായി സൂര്യ മാറിയതിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നേര്‍ക്ക് നേരിലെ ‘അവള്‍ വരുവാളാ’ എന്ന പാട്ട് ഷൂട്ട് ചെയ്ത ശേഷം സൂര്യയുടെ കണ്ണുകളെക്കുറിച്ച് സംവിധായകന്‍ തന്നോട് സംസാരിച്ചിരുന്നെന്ന് ശിവകുമാര്‍ പറഞ്ഞു. സൂര്യയുടെ കണ്ണുകള്‍ തമിഴ്‌നാട്ടിലെ പെണ്‍കുട്ടികളുടെ ഉറക്കം കളയുമെന്നായിരുന്നു ആ സംവിധായകന്‍ തന്നോട് പറഞ്ഞതെന്ന് ശിവകുമാര്‍ പറയുന്നു. റെട്രോയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ശിവകുമാര്‍.
‘സിനിമക്ക് വേണ്ടി സൂര്യ നടത്തിയ കഷ്ടപ്പാടുകള്‍ക്ക് ഞാന്‍ സാക്ഷിയാണ്. സൂര്യക്ക് അഭിനയിക്കാനുള്ള കഴിവൊന്നുമില്ലെന്ന് പലരും പറഞ്ഞിരുന്നു. നേര്‍ക്ക് നേര്‍ എന്ന സിനിമക്ക് വേണ്ടി സൂര്യ ഒരുപാട് പരിശീലിനം നടത്തി. ഡാന്‍സിനും ഫൈറ്റിനും വേണ്ടി പ്രത്യേകം ട്രെയിനിങ് എല്ലാം ചെയ്തു. അന്നത്തെ വലിയ ഡാന്‍സ് മാസ്റ്റര്‍മാരുടെ ശിക്ഷണത്തില്‍ അതിരാവിലെ എഴുന്നേറ്റ് പോയി പ്രാക്ടീസ് ചെയ്തിരുന്നു.
നേര്‍ക്ക് നേരിലെ ‘അവള്‍ വരുവാളാ’ എന്ന പാട്ടിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അതിന്റെ സംവിധായകന്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ‘സാര്‍, നിങ്ങള്‍ നോക്കിക്കോളൂ, സൂര്യയുടെ കണ്ണുകള്‍ ഭാവിയില്‍ തമിഴ്‌നാട്ടിലെ ഒരുപാട് പെണ്‍കുട്ടികളുടെ ഉറക്കം കളയും’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് സൂര്യ ഇതുവരെ എത്തിയത്,’ ശിവകുമാര്‍ പറയുന്നു.
Content Highlight: Sivakumar about Suriya’s effort in his first movie