ഇന്ത്യന്‍ ടീമിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ജസ്പ്രിത് ബുംറ. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. നിലവില്‍ ഏകദിനത്തിലെ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് ബുംറ.
കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയ ഐ.സി.സി റാങ്കിങ്ങില്‍ അദ്ദേഹം ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ നടത്തിയ ആറ് വിക്കറ്റ് പ്രകടനമാണ് അദ്ദേഹത്തിനെ റാങ്കിങ്ങില്‍ മുന്നേറ്റം നടത്താന്‍ സഹായിച്ചത്.
എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രിത് ബുംറയെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബുംറയെപോലെതന്നെ മികച്ചതാണ് പാക് പേസര്‍ ഷഹീന്‍ അഫ്രിദിയെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട് .
ബുംറയുടെ ഒട്ടും പുറകിലല്ല ഹീന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഷഹീന്‍ കുറച്ചു മത്സരമെ കളിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഷഹീന്‍ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. അവന്‍ ബുംറയേക്കാള്‍ പുറകിലല്ല. ഷഹീന് കൂടുതല്‍ വേഗതയുണ്ട്, കാലക്രമേണ മെച്ചപ്പെടും. ന്യൂ ബോളില്‍ ബുംറയും ഷഹീനും ബൗള്‍ ചെയ്യുന്നത് കാണാന്‍ രസകരമാണ്, ബട്ട് പറഞ്ഞു.
ഇരുവരും തമ്മില്‍ അനാവശ്യമായ കമ്പയറിങ്ങൊന്നും വേണ്ടെന്നും ബുംറ ഒരുപാട് മത്സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്നിരുന്നാലും, 20 വയസ്സുള്ള ഒരു ബൗളര്‍ക്ക് തന്റെ പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല. രണ്ട് പേരും മികച്ചതാണ്. വ്യക്തമായും, ബുംറ വളരെയധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, കൂടാതെ ഒരു മികച്ച പെര്‍ഫോമറാണ്. ഒരാള്‍ ഒരുപാട് കളിച്ചു, മറ്റൊരാള്‍ അധികം കളിച്ചിട്ടില്ല അതിനാല്‍ ഇപ്പോള്‍ ഒരു താരതമ്യവും പാടില്ല,’
ആറ് വര്‍ഷത്തിനിടെ 159 മത്സരങ്ങളില്‍ നിന്ന് 316 വിക്കറ്റുകളാണ് ബുംറ നേടിയത്. മറുവശത്ത്, ഷഹീന്‍ 96 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 204 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.