താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ഒരു അവസരം കിട്ടാന്‍ കാത്തുനില്‍ക്കുന്ന യുവതാരങ്ങളുടെ ഇടയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. തന്റെ 37ാം വയസിലും മികച്ച പ്രകടനത്തോടെ അദ്ദേഹം കളം നിറയുന്നു.
ഒരു കാലത്ത് എം.എസ്. ധോണി ചെയ്തുകൊണ്ടിരുന്ന ഫിനിഷിങ് റോള്‍ ഇന്ന് അയാളുടെ കയ്യില്‍ ഭദ്രമാണ്. ഈ പ്രായത്തിലും ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നറാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കൂടാതെ അപാര ഫിറ്റ്‌നസും. ആ വര്‍ഷം അവസാനം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഒരു സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ആ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. താരങ്ങളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ ടീമില്‍ കാപര്‍ത്തിക് തന്റെ റോള്‍ സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ പലകുറി തെളിയിച്ചിട്ടുണ്ട്.
കാര്‍ത്തിക് ഇന്ത്യന്‍ ടീമിലായത് കാരണമാണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ടിന്റെ അഭിപ്രായം. കാര്‍ത്തിക്കിനെ പുകഴ്ത്തുന്നതടൊപ്പം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കാര്‍ത്തിക് പാകിസ്ഥാന്‍ കളിക്കാരന്‍ ആയിരുന്നുവെങ്കില്‍ ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ പോലും കാണാന്‍ സാധിക്കില്ല എന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.
‘ഭാഗ്യവശാല്‍, ദിനേഷ് കാര്‍ത്തിക് ജനിച്ചത് ഇന്ത്യയിലാണ്. അയാള്‍ ഒരു പാകിസഥാന്‍ താരമായിരുന്നുവെങ്കില്‍ ഈ പ്രായത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പോലും കഴിയില്ല,” ബട്ട് പറഞ്ഞു.
2004ലാണ് കാര്‍ത്തിക് ഇന്ത്യക്കായി അരങ്ങേറിയത്. എന്നാല്‍ ധോണി യുഗത്തില്‍ കളിച്ചത് കാരണം ടീമില്‍ സ്ഥിരാംഗമാകാന്‍ ആദ്ദേഹത്തിന് സാധിച്ചില്ലായിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ടീമിലും 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും കാര്‍ത്തിക് അംഗമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ 19 പന്ത് നേരിട്ട് 41 റണ്‍സ് കാര്‍ത്തിക് നേടിയിരുന്നു. നാല് ഫോാറും രണ്ട് സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. കളിയിലെ താരവും കാര്‍ത്തിക്കായിരുന്നു.
ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്താനും ബട്ട് മറന്നില്ല. ഇന്ത്യക്ക് ശക്തമായ ബെഞ്ച് സ്‌ട്രെങ്ത്തുണ്ടെന്നും യുവതാരങ്ങളെല്ലാം ഓരോ പരമ്പര കഴിയുന്തോറും മെച്ചപ്പെടുകയാണെന്നും ബട്ട് പറഞ്ഞു.
യുവതാരങ്ങള്‍ ഇന്ത്യക്കായി നന്നായി കളിക്കുന്നുണ്ട്. അവര്‍ക്ക് മികച്ച ബെഞ്ച് ശക്തിയുണ്ട്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്നോയ് തുടങ്ങിയവരും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളാണ്. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഓരോ പരമ്പരയിലും മെച്ചപ്പെടുന്നു,’ ബട്ട് കൂട്ടിച്ചേര്‍ത്തു.