ആ ചിത്രത്തിന്റെ കഥ കേട്ട് ഞാൻ കുറെ ചിരിച്ചു, കളിയാക്കിയതാണെന്ന് കരുതി അവരെന്നെ ഒഴിവാക്കി: സലിംകുമാർ
Entertainment
ആ ചിത്രത്തിന്റെ കഥ കേട്ട് ഞാൻ കുറെ ചിരിച്ചു, കളിയാക്കിയതാണെന്ന് കരുതി അവരെന്നെ ഒഴിവാക്കി: സലിംകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th November 2024, 12:40 pm

പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാർ. ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങൾക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു വ്യക്തിയാണ് ഇന്ന് സലിംകുമാർ.

മായാജാലം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സലിംകുമാർ. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ താൻ ഒരുപാട് ചിരിച്ചിരുന്നുവെന്നും എന്നാൽ താൻ കളിയാക്കി ചിരിക്കുകയാണെന്ന് കരുതി തിരക്കഥാകൃത്തുക്കളായ സിബി. കെ. തോമസും ഉദയകൃഷ്ണയും ആ റോൾ തനിക്ക് തരേണ്ടായെന്ന് തീരുമാനിച്ചെന്നും സലിംകുമാർ പറയുന്നു. സിനിമയിറങ്ങി വർഷണങ്ങൾക്ക് ശേഷമാണ് താനിത് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംവിധായകൻ ബാലു കാര്യത്തിന്റെ ഒരു സിനിമ ഉണ്ടായിരുന്നു. സിബിയും ഉദയകൃഷ്ണയുമാണ് അതിന്റെ സ്ക്രിപ്റ്റ്. മായാജാലം ആണെന്ന് തോന്നുന്നു സിനിമ. മുകേഷേട്ടനാണെന്ന് തോന്നുന്നു അതിൽ ഹീറോ.

ലൊക്കേഷനിൽ ചെന്നപ്പോൾ സംവിധായകൻ പറഞ്ഞു, നല്ല വേഷമാണ് നീ അവരുടെ അടുത്ത് നിന്ന് കഥ കേൾക്കുവെന്ന്. സത്യത്തിൽ ആ വേഷത്തിന് വേണ്ടി മൂന്ന് പേരെ വിചാരിച്ചിരുന്നു. കലാഭവൻ മണി ചെയ്യേണ്ട വേഷമായിരുന്നു അത്.

അവന് തിരക്ക് കാരണം വരാൻ പറ്റിയില്ല. സിബിയുടെയും ഉദയന്റെയും റൂമിൽ ചെന്ന് ഞാൻ കഥ കേട്ടു. ഞാൻ ശരിക്കും ചിരിച്ചു. ഒരുപാട് വട്ടം ചിരിച്ചു. അതൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു. എനിക്ക് വേഷം കിട്ടിയില്ല.

ബാലു അതിലെ തന്നെ മറ്റൊരു കഥാപാത്രത്തെ കുറിച്ചും പറഞ്ഞു, പക്ഷെ അതവസാനം കലാഭവൻ നവാസ് ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അവർ പറയുന്നത്, സലീമിന്റെ ചിരി ഒരു ആക്കി ചിരിയാണെന്ന് വിചാരിച്ച് അവർ എനിക്ക് റോൾ തരണ്ടായെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന്. പിന്നെ അവർ തന്നെ വേറേ ഒരുപാട് സിനിമക്ക് വേണ്ടി ആ ചിരി ഒന്നിടമോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്,’സലിം കുമാർ പറയുന്നു.

Content Highlight: Salimkumar About Mayajalam Movie