എന്റെ നാട്ടില്‍ എല്ലാവരും വിളിക്കുന്ന ചില ജാതിപ്പേരുകളുണ്ട്, അത് കളിയാക്കാന്‍ വേണ്ടിയുള്ളതല്ല; സലീം കുമാര്‍ പറയുന്നു
Entertainment
എന്റെ നാട്ടില്‍ എല്ലാവരും വിളിക്കുന്ന ചില ജാതിപ്പേരുകളുണ്ട്, അത് കളിയാക്കാന്‍ വേണ്ടിയുള്ളതല്ല; സലീം കുമാര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th March 2021, 5:52 pm

തന്റെ നാട്ടില്‍ എല്ലാവരും ജാതിപ്പേരാണ് വിളിക്കുന്നതെന്ന് സലീം കുമാര്‍. എന്നാല്‍ അതാരെയും കളിയാക്കാന്‍ വേണ്ടിയല്ലെന്നും ബഹുമാനപൂര്‍വ്വമായിരുന്നുവെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സലീം കുമാര്‍ പറയുന്നു.

തന്റെ അച്ഛന്‍ ഗംഗാധരനെ, നാടായ ചിറ്റാറ്റുകരയില്‍ ഗംഗാധരന്‍ ചൊവ്വന്‍ എന്ന് വിളിക്കാറുണ്ടെന്നും കൂടാതെ അരവിന്ദന്‍ അരയനെന്നും വടുക മാപ്ലയെന്നും കാഞ്ചന്‍ പുലയനെന്നും പൊതുവില്‍ ആളുകളെ വിളിക്കാറുണ്ടെന്നും സലീം കുമാര്‍ പറയുന്നു.

‘ആ പേരുകളെല്ലാം ബഹുമാനപൂര്‍വ്വമാണ് വിളിക്കുന്നത്. അല്ലാതെ അവരെ കളിയാക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല. എന്നോട് നാട്ടുകാര് ചോദിക്കുക നീ ഗംഗാധര ചൊവ്വന്റെ മോനല്ലേടാ എന്നാണ്. അതെ എന്ന് ഞാന്‍ അഭിമാനത്തോടെയാണ് പറയുന്നത്. ഇതിനൊരു മറുവശമുണ്ട്. ഉയര്‍ന്ന ജാതിയിലുള്ളവര്‍ നായന്മാര്‍ നമ്പൂരിമാരൊക്കെ പുലയരെ ജാതിപ്പേര് വിളിക്കുന്നത് തകര്‍ക്കാന്‍ തന്നെയാണ്. അതില്‍ നമ്മള്‍ തകരാതിരുന്നാല്‍ മതി. ചില രാഷ്ട്രീയക്കാര്‍ ഇന്നും അത് ഉപയോഗിക്കുന്നുണ്ട്,’ സലീം കുമാര്‍ പറഞ്ഞു.

തന്റെ ചെറുപ്പകാല ജീവിതം ഏറെ രസകരമായിരുന്നുവെന്നും സലീംകുമാര്‍ പറയുന്നു. ഓരോ ജാതിക്കാര്‍ക്കും ഓരോരോ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു എഴുന്നള്ളത്ത് പോവുക മറ്റൊരു ജാതിയുടെ അമ്പലത്തില്‍ നിന്നുമായിരിക്കുമെന്നും അങ്ങോട്ടുമിങ്ങോട്ടുമൊന്നും പോകുന്നതിനും വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊന്നും അക്കാലത്ത് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേരിലെ സലീം എന്നുള്ളത് അച്ഛനിട്ടതാണെന്നും കുമാര്‍ എന്നത് എല്‍.പി സ്‌കൂളിലെ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തതാണെന്നും സലീം കുമാര്‍ പറഞ്ഞു. അച്ഛന്റെ കാലത്തെ ചെറുപ്പക്കാരുടെ സാമൂഹിക ബോധത്തിലാണ് തനിക്ക് ആ പേര് വീണതെന്നും അഭിമുഖത്തില്‍ സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Salim Kumar says about cast issue