തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അതേസമയം ശമ്പള പരിഷ്‌കരണളുമായി ബന്ധപ്പെട്ട് ആദ്യം ശുപാര്‍ശ സമര്‍പ്പിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അവലോകന സമിതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.[]
പങ്കാളിത്ത പെന്‍ഷന്‍ നിര്‍ദേശം ആ സമിതിയുടേതാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ശമ്പള പരിഷ്‌കരണവുമായി സംബന്ധിച്ച ശുപാര്‍ശകളെല്ലാം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ശുപാര്‍ശകള്‍ നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് ധനമന്ത്രി കെ എം മാണിയും പറഞ്ഞു.
ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എസ് ശര്‍മ്മ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ എന്ത്‌കൊണ്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചോദിച്ചു.
ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ പോകാത്ത സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിന് മുന്‍പായിരുന്നു വി.എസ് സര്‍ക്കാര്‍ നടപടിയെ കുറ്റപ്പെടുത്തിയത്.
അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സയ്ക്ക് പോലും സൗകര്യം ചെയ്യാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുകൂല നിലപാട് സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.