കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ സംസ്ഥാന ഓഫീസിനു മുന്നില്‍ സമരം ചെയ്തത് 19 ദിവസമാണ്. ഡിസംബര്‍ അഞ്ചാം തിയ്യതി മുതല്‍ തുടങ്ങിയ അനിശ്ചിത കാല സമരത്തില്‍ നിന്നും സമരക്കാര്‍ പിന്നോട്ട് പോകാഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രി സംഘടനയുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്നറിയിച്ചു കൊണ്ട് ചര്‍ച്ചയ്ക്ക് വിളിക്കുകയും സമരക്കാര്‍ പിരിഞ്ഞു പോവുകയും ചെയ്തു.
സമരം ചെയ്യലും ഒത്തു തീര്‍പ്പില്‍ പിരിഞ്ഞു പോകലും തുടങ്ങിയിട്ട് നാളുകളായി. തീര്‍പ്പാകാത്തത് പ്രേരക് പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്, ശമ്പള കുടിശ്ശിക കൃത്യമായി നല്‍കുന്നില്ല എന്ന പരാതികള്‍ക്കാണ്, ഇരുപതിലേറെ വര്‍ഷം ജോലയെടുത്ത് പിരിഞ്ഞു പോകുമ്പോള്‍ ചെയ്ത ജോലിക്ക് ഒരു യാത്രയയപ്പുപോലുമില്ലാതെ പടിയിറങ്ങി പോകുന്നതിന്റെ നെടുവീര്‍പ്പുകള്‍ക്കാണ്.
2018 ല്‍ ഒക്ടോബറില്‍ സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചവരെ ഒരു മുന്നറിയിപ്പമില്ലാതെ പിരിച്ചു വിട്ടു എന്ന വാര്‍ത്ത വന്നിരുന്നു. പിരിച്ചു വിടുന്നതിനു മുമ്പ് പത്ത് മാസത്തോളം ചെയ്ത ജോലിയുടെ ശമ്പളവും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. പത്ത് മാസം മുമ്പ് അറുപത് വയസ്സായവരെ പിരിച്ചു വിട്ടെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞ വാദം. എന്നാല്‍ പിരിച്ചു വിടുന്നതിനു മുമ്പ് അവരെ അക്കാര്യം അറിയിക്കണ്ടേ, ഇനി ഇതറിയിക്കാത്ത സാഹചര്യത്തില്‍ ശമ്പളം ന്യായമായും നല്‍കേണ്ടതല്ലേ. പിരിച്ചു വിടലിനും ശമ്പളം നല്‍കലിനും ഒന്നും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇല്ലേ? ഇല്ല എന്നു തന്നെയാണ് ഉത്തരം.
അത്രമാത്രം നിരുത്തരവാദപരമായാണ് കേരളത്തെ സമ്പൂര്‍ണ സാക്ഷരതയിലേക്ക് നയിച്ചതില്‍ ഒരു പങ്കു വഹിച്ച പ്രേരക് പ്രവര്‍ത്തരുടെ തൊഴില്‍ മേഖലയെ ഉദ്യോഗസ്ഥ വൃത്തം കൈകാര്യം ചെയ്യുന്നത് എന്നാണ് കെ.എസ്.പി.എ ആരോപിക്കുന്നത്.
കേരള സാക്ഷരതാ മിഷന്റെ കീഴില്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. ഒരു പഞ്ചായത്തില്‍ മാത്രം ആറ് പ്രേരക്മാര്‍ ഉണ്ടായിരുന്നിടത്താണ് ഇത്രവലിയ കൊഴിഞ്ഞു പോക്ക് ഉണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങള്‍ പലതാണ്.
കേരളത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഇവര്‍ക്ക് ജോലിയില്‍ സ്ഥിരതയോ, കൃത്യമായ വേതനമോ ലഭിക്കുന്നില്ല.
മാറി വന്ന സര്‍ക്കാരുകള്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നറിയിച്ചെങ്കിലും പലപ്പോഴും സര്‍ക്കാരുകളുടെ നടപടികള്‍ ഇവരുടെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കി.
1998 ല്‍ തുടങ്ങിയ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പ്രേരക്മാരെ നിയമിക്കുന്നത്. 21 വര്‍ഷമായി കേരളത്തില്‍ പ്രേരക്മാരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. 300 രൂപയായിരുന്നു ഇവരുടെ ആദ്യ ശമ്പളം. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ പ്രേരക് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക് ഇവരുടെ അസിസ്റ്റ്‌മെന്റിനായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് പ്രേരക് എന്നിങ്ങനെയാണ് പ്രേരക്മാര്‍ പ്രവര്‍ത്തിക്കുന്നത്.
പക്ഷെ ആ കാലങ്ങളില്‍ പ്രേരക്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സേവനം കണക്കെയായിരുന്നു. മാത്രമല്ല ഈ പ്രേരക് മാര്‍ക്ക് മറ്റു ജോലികള്‍ക്ക് പോവാനുള്ള സൗകര്യവുമുണ്ടായിരുന്നു.
2017 ല്‍ പുതുതായി വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രേരക്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു.
അസിസ്റ്റന്റ് പ്രേരക്മാര്‍ക്ക് 10,500 രൂപ, പ്രേരക്മാര്‍ക്ക് 12000 നോഡല്‍ മാര്‍ക്ക് 15000 എന്നിങ്ങനെ ശമ്പള വ്യവസ്ഥ പുതുക്കി.
എന്നാല്‍ ഈ പുതുക്കിയ ശമ്പള വ്യവസ്ഥയ്‌ക്കൊപ്പം സാക്ഷരതാ മിഷന്‍ വച്ച നിബന്ധനകള്‍ ഇവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നാണ് കെ.എസ്.പി.എ പറയുന്നത്.
2017 ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആ പുതുക്കിയ വേതനം കൃത്യമായി ലഭിച്ചു. അതിനു പുറമെ പൊതു അവധി ദിവസങ്ങളിലെ വേതനം വെട്ടിക്കുറച്ചു. എന്നാല്‍ ഈ അവധി ദിവസങ്ങളിലാണ് ഇവര്‍ക്ക് മിക്കപ്പോഴും ക്ലാസുകളും പരീക്ഷകള്‍ക്കും മറ്റും മേല്‍നോട്ടം വഹിക്കേണ്ടി വരിക.
ഒപ്പം രണ്ടാമതായി തുടര്‍വിദ്യാഭ്യാസ പക്രിയയുടെ നിശ്ചയിക്കപ്പെട്ട ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത പ്രേരക്മാര്‍ക്ക് ശമ്പളത്തില്‍ കുറവു വരുമെന്ന വ്യവസ്ഥയും വന്നു.
ഒരു വര്‍ഷം കൊണ്ട് നൂറു പേരെയാണ് ഒരു പ്രേരക് ചേര്‍ക്കേണ്ടത്. പിന്നീടുള്ള വ്യവസ്ഥ ആറു പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10.30 മുതല്‍ 5.30 വരെ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഉണ്ടാവണമെന്നാണ്.
ഈ രണ്ടു തീരുമാനങ്ങളുമാണ് പ്രേരക്മാരുടെ വേതന വ്യവസ്ഥയെ കാര്യമായി ബാധിച്ചത്.
ഓരോ മാസവും ഉണ്ടാകുന്ന പൊതു അവധി ദിനങ്ങള്‍ ഇവരുടെ വേതനത്തെ കുറച്ചു. നഗര കേന്ദ്രീകൃത പ്രദേശങ്ങളില്‍ തുടര്‍വിദ്യാഭ്യാസത്തിന് രജിസറ്റര്‍ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ മിക്കവര്‍ക്കും നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം പ്രവൃത്തി സമയം കൂട്ടിയതോടെ സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മ കൂട്ടത്തോടെ പ്രേരക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്കിനു കാരണമായി. ബാക്കിയുള്ളവര്‍ അവഗണനകളിലേക്കും സമരപന്തലിലേക്കും നീങ്ങി.
2017 ല്‍ നിശ്ചയിച്ച ശമ്പളം ഇത്തരം വെട്ടിക്കുറയ്ക്കലുകള്‍ക്കു പുറമെയുള്ള വേതനം ലഭിക്കുന്നുമില്ല. അതാണ് ഇവരെ തിരുവനന്തപുരത്ത് സംസ്ഥാന ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
’20 വര്‍ഷത്തോളം ജോലി ചെയ്ത് ഒരാനുകൂല്യവുമില്ലാതെ ശമ്പള കുടിശ്ശികയുമായാണ് പ്രേരക് പ്രവര്‍ത്തകര്‍ ജോലി വിട്ടൊഴിയുന്നത്. ജോലിവിട്ട പോവുമ്പോള്‍ ഭാഗമായി ഒരു യാത്രയയപ്പു നല്‍കല്‍ പോലുമില്ല.’ പ്രേരക് പ്രവര്‍ത്തകനും കെ.എസ്.പി.എ സംഘടനാംഗവുമായ സത്യന്‍ പറയുന്നു.
സാക്ഷരതാമിഷന്‍ രജിസ്‌ട്രേഷന്റെ ഭാഗമായി ഈടാക്കുന്ന തുകയാണ് സാക്ഷരതാമിഷന്റെ പ്രധാനവരുമാനം ഇത് കൃത്യമായി ഡയരക്ടര്‍ നല്‍കുന്നില്ല എന്നും പ്രേരക് പ്രവര്‍ത്തകരുടെ ആരോപിക്കുന്നു.
എന്നാല്‍ പ്രേരക് പ്രവര്‍ത്തകര്‍ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് സാക്ഷരതാമിഷന്‍ ഡയരക്ടര്‍ ശ്രീകല പി.എസ് പറയുന്നത്.
ഈ സര്‍ക്കാര്‍ വരുന്നതിനുമുമ്പ് കേരളത്തിലെ പ്രേരക്മാരുടെ വേതനം 2800 രൂപയായിരുന്നു. അത് സര്‍ക്കാര്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 15000 രൂപയാക്കി പ്രഖ്യാപിച്ചു. ദിവസ വേതനടിസ്ഥാനത്തിലാവുമ്പോള്‍ സ്വാഭാവികമായും അവധി ദിവസങ്ങളില്‍ വേതനം ലഭിക്കില്ല. മാത്രവുമല്ല
അവധി ദിവസങ്ങളില്‍ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നാല്‍ ആ ആഴ്ചയില്‍ പകരം ഒരു ലീവ് എടുക്കാം. കോംപന്‍സേറ്ററി ലീവ്] എടുക്കാവുന്നതാണ്. പുതുതായി നിലവില്‍ സാക്ഷരതാ മിഷനില്‍ ആരെയും നിയമിക്കുന്നില്ല.
സാക്ഷരതയില്‍ പിന്നോട്ട് നില്‍ക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ കോളനികളില്‍ അതത് കോളനികളിലെ പത്താം തരം പാസായവരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചാണ് ഇപ്പോള്‍ പ്രൊജക്ടുകള്‍ നടക്കുന്നത്. ഇവരുടെ വേതന്നത്തിന്റെ 40 ശതമാനമാണ് സാക്ഷരതാ മിഷന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നത്. 60 ശതമാനം സര്‍ക്കാരാണ് നല്‍കുന്നത്. സാക്ഷരതാ മിഷന്റെ 40 ശതമാനം കൃത്യമായി നല്‍കുന്നുണ്ട്, സര്‍ക്കാര്‍ നല്‍കേണ്ട 60 ശതമാനമാണ് കുടിശ്ശികയായിട്ടുള്ളത്. മൂന്ന് മാസത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്.’ ശ്രീകല പി.എസ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തു തീര്‍പ്പായിട്ടുണ്ട്. ചര്‍ച്ച പ്രകാരം ശമ്പളകുടിശ്ശിക നല്‍കുക, ജനുവരി മുതല്‍ പുതിയ വ്യവസ്ഥയില്‍ ശമ്പളം നല്‍കുക എന്നതാണ് തീരുമാനമായിരിക്കുന്നത്. ഡിസംബര്‍ 26 ന് ഇത് സംബന്ധിച്ച് അവലോകന യോഗവും നടക്കുന്നുണ്ട്.