Advertisement
Entertainment
അന്ന് എനിക്ക് ഒരുപാട് മെസേജുകള്‍ വന്നു; കൂടുതലും തെറിവിളികള്‍: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 04:21 am
Sunday, 16th March 2025, 9:51 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സജിന്‍ ഗോപു. വളരെ കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2015ല്‍ ഫാസില്‍ ബഷീറിന്റെ സംവിധാനത്തില്‍ എത്തിയ മുംബൈ ടാക്‌സി എന്ന ചിത്രത്തിലൂടെയാണ് സജിന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

അതേവര്‍ഷം തിലോത്തമ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും 2021ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ചുരുളിയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് ജാന്‍.എ.മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍, ആവേശം, പൊന്‍മാന്‍, പൈങ്കിളി തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സജിന് സാധിച്ചു.

ഇപ്പോള്‍ ചുരുളിയുടെ സമയത്ത് തനിക്ക് വന്ന മെസേജുകളെ കുറിച്ച് പറയുകയാണ് സജിന്‍ ഗോപു. ആ സമയത്ത് ഒരുപാട് മെസേജുകള്‍ വന്നിരുന്നുവെന്നും അതില്‍ കൂടുതലും തെറികളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മെസേജ് അയച്ചവരൊന്നും താന്‍ റിപ്ലേ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും റിപ്ലേ കൊടുത്തപ്പോള്‍ ‘അയ്യോ ചേട്ടാ. ചുമ്മാ അയച്ചതാണ് കേട്ടോ’, ‘അറിയാതെ അയച്ചതാണ്’, ‘സന്തോഷം കൊണ്ട് അയച്ചതാണ്’ എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞതെന്നും സജിന്‍ പറഞ്ഞു.

ചുരുളിയുടെ സമയത്ത് എനിക്ക് ഒരുപാട് മെസേജുകള്‍ വന്നിരുന്നു. അതില്‍ കൂടുതലും തെറികളായിരുന്നു. അതില്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. പകരം സന്തോഷമാണ് തോന്നിയത്. അതുപോലെ അവരൊന്നും ഞാന്‍ മെസേജിന് റിപ്ലേ കൊടുക്കുമെന്ന് കരുതിയിരുന്നില്ല.

എന്നാല്‍ ഞാന്‍ മിക്കവര്‍ക്കും റിപ്ലേ കൊടുത്തു. അയ്യോ ചേട്ടാ. ഞാന്‍ ചുമ്മാ അയച്ചതാണ് കേട്ടോ’ എന്നായിരുന്നു മിക്കവരും പറഞ്ഞത്. ‘അറിയാതെ അയച്ചതാണ്’ എന്ന് പറയുന്നവരും ‘സന്തോഷം കൊണ്ട് അയച്ചതാണ്” എന്ന് പറയുന്നവരും ഉണ്ടായിരുന്നു.

അതും നല്ല താളത്തിലും നീളത്തിലുമുള്ള തെറികളാണ് മിക്കതും (ചിരി). ചുരുളിക്ക് ശേഷം അങ്ങനെയുള്ള അനുഭവമോ മെസേജുകളോ പിന്നെ ഉണ്ടായിട്ടില്ല. പിന്നെ പറയാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. അത് പറഞ്ഞാല്‍ വിഷയമാകും,’ സജിന്‍ ഗോപു പറഞ്ഞു.

Content Highlight: Sajin Gopu Talks About Messages That He Get After Churuli Movie