തിരുവനന്തപുരം: ഡബ്ല്യു.സി.സിക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ശുപാര്‍ശകള്‍ അംഗീകരിച്ച് സിനിമാമേഖലയെ സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ നീക്കമെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.
‘സ്ത്രീകള്‍ക്ക് എതിരായിട്ടുള്ള അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. നിലവിലുള്ള നിയമം ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ ഒരു നിയമം ഈ കാര്യത്തിലുണ്ടാകണം. ഒരു വ്യവസ്ഥയുണ്ടാകണം.
ഇവരിപ്പോള്‍ ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്. ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഇത് പുറത്തുവിടണ്ട എന്ന്. അതിനുള്ള നിയമം ആണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതുകൊണ്ട് ഈ പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ അതൊക്കെ വേറെ കാര്യങ്ങളും ഉദ്ദേശങ്ങളും ഉള്ളതുകൊണ്ടാണ് അവര്‍ പറയുന്നത്.
അതൊന്നുമല്ല നമ്മുടെ മുന്‍പിലെ വിഷയം. ഗവര്‍മെന്റ് വെച്ച റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഗവര്‍മെന്റാണ്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നു. സുരക്ഷിതമായ സിനിമ, സുരക്ഷിത കേന്ദ്രമായി സിനിമാ മേഖലയെ മാറ്റുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ല. അതില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് ഗവര്‍മെന്റിന്റെ നിലപാട്,’ സജി ചെറിയാന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യു.സി.സി നിലപാട്.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നു.
Content Highlight: Saji Cheriyan Criticise Wcc over Hema Committe report