Entertainment
മമ്മൂട്ടിയുടെ പൊലീസ് ക്യാരക്ടറിന്റെ ഷെയ്ഡ് ഒരിക്കലും വരരുതെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു: സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 28, 04:56 pm
Wednesday, 28th August 2024, 10:26 pm

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സായ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ നയാകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായ് കുമാര്‍.

കരിയറിന്റെ തുടക്കത്തില്‍ സായ് കുമാര്‍ അഭിനയിച്ച സിനിമയാണ് ഈ കണ്ണികൂടി. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരീന്ദ്രന്‍ എന്ന പൊലീസ് ഓഫീസറെയാണ് സായ്കുമാര്‍ അവതരിപ്പിച്ചത്. ആ കഥാപാത്രം ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ഈ കണ്ണികൂടിക്ക് മുമ്പ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത യവനികയിലും ഒരു പൊലീസ് കഥാപാത്രമുണ്ടായിരുന്നെന്നും ഈ സിനിമയും അതുപോലെയാകുമെന്ന് താന്‍ കരുതിയെന്നും സായ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഷൂട്ടിന് മുമ്പ് കെ.ജി. ജോര്‍ജ് തന്നോട് യവനികയിലെ പൊലീസിന്റെ യാതൊരു ഷെയ്ഡും ഇതിന് വരരുതെന്ന് നിര്‍ദേശിച്ചെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ പൊലീസ് വേറെ, ഈ പൊലീസ് വേറെ എന്ന് തന്നോട് കെ.ജി. ജോര്‍ജ് പ്രത്യേകം പറഞ്ഞുവെന്നും സായ് കുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരിയറിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് കിട്ടിയ മികച്ച സിനിമകളിലൊന്നാണ് ഈ കണ്ണികൂടി. ഒരു പൊലീസ് ഓഫീസറുടെ വേഷമായിരുന്നു എനിക്ക് അതില്‍. കെ.ജി. ജോര്‍ജ് സാറായിരുന്നു അതിന്റെ ഡയറക്ടര്‍. അദ്ദേഹം തൊട്ടുമുമ്പ് ചെയ്ത യവനികയിലും ഒരു പൊലീസ് കഥാപാത്രമുണ്ടായിരുന്നു. അതുവരെ കണ്ടുശീലിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു യവനികയിലെ ജേക്കബ് ഈരാളി.

യവനികയിലെ ജേക്കബ് ഈരാളിയെപ്പോലെ ഈ സിനിമയിലും പെര്‍ഫോം ചെയ്യാമെന്ന് ഞാന്‍ വിചാരിച്ചപ്പോള്‍ ജോര്‍ജ് സാര്‍ എന്നെ വിളിച്ചിട്ട് ‘യവനികയിലെ പൊലീസ് ക്യാരക്ടറിനെ ഒരിക്കലും റഫറന്‍സായി എടുക്കരുത്. മമ്മൂട്ടിയുടെ പൊലീസ് വേറെ, ഈ പൊലീസ് വേറെ. അതിന്റെ യാതൊരു ഷെയ്ഡും ഈ ക്യരക്ടറിന് വരാന്‍ പാടില്ല’ എന്ന് പറഞ്ഞു. എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആ സിനിമയിലെ ഹരീന്ദ്രന്‍ എന്ന പൊലീസ് ഓഫീസര്‍,’ സായ് കുമാര്‍  പറഞ്ഞു.

Content Highlight: Sai Kumar about director KG George