ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിച്ചിരിക്കുകയാണ്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്.
ടി-20 പരമ്പര സമനിലയിലായതിനിന് പിന്നാലെ ഏകദിന പരമ്പര സ്വന്തമാക്കാനുറച്ചാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ കൊണ്ടുപോവുകയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇരു ടീമും ഓരോ മത്സരം വിജയിക്കുകയും ചെയ്‌തോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.
സീനിയര്‍ താരങ്ങളില്ലാതെയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യ കളത്തിലിറങ്ങുന്നത്. കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സായ് സുദര്‍ശന്‍ ഇന്ത്യക്കായി ഏകദിനത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളിലുമായി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ക്യാപ്പണിയുന്ന 400ാമത് താരമാണ് സുദര്‍ശന്‍.
2021ന് ശേഷം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന 21ാമത് താരമാണ് സായ് സുദര്‍ശന്‍. ക്രുണാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചഹര്‍, കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതന്‍ സക്കറിയ, സഞ്ജു സാംസണ്‍, വെങ്കിടേഷ് അയ്യര്‍, ദീപ്ക് ഹൂഡ, ആവേശ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്‌ണോയ്, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍, മുകേഷ് കുമാര്‍, തിലക് വര്‍മ, സായ് സുദര്‍ശന്‍ എന്നിവരാണ് ആ താരങ്ങള്‍.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ക്ക് പിഴച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ ഒന്നൊന്നായി ഒറ്റയക്കത്തിനും സ്‌കോര്‍ ചെയ്യാതെയും പുറത്താകുന്ന കാഴ്ചയാണ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ കാണുന്നത്.
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ സൗത്ത് ആഫ്രിക്ക 73 റണ്‍സിന് ഏഴ് എന്ന നിലയിലാണ്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ആവേശ് ഖാനാണ് പ്രോട്ടിയാസ് പതനത്തിന് വഴിയൊരുക്കിയത്.