Entertainment
ഒരു സിനിമയില്‍ മാത്രമേ അത്തരം കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ; ഇനിയും ചെയ്യാന്‍ ആഗ്രഹമുണ്ട്: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 19, 07:45 am
Tuesday, 19th November 2024, 1:15 pm

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.

ആരും തന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് സായ് പല്ലവി. പാവ കഥൈകള്‍ എന്ന ചിത്രത്തില്‍ മാത്രമാണ് കുറച്ചെങ്കിലും വ്യത്യസ്തമായ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതെന്നും താരം പറഞ്ഞു. തിയേറ്ററില്‍ ഇറക്കിയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന ഭയമുള്ള കഥാപാത്രങ്ങള്‍ ഒ.ടി.ടിയില്‍ ആയാലും ചെയ്യാന്‍ താത്പര്യമുണ്ടെന്നും സായ് കൂട്ടിച്ചേര്‍ത്തു.

സൈക്കോ പോലെയുള്ള കഥാപാത്രമുള്ള ഒരു സ്‌ക്രിപ്റ്റ് വായിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് അതിനെ കുറിച്ച് കൂടുതലൊന്നും കേട്ടില്ലെന്നും സായ് പല്ലവി പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘എന്നെ കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന, എന്റടുത്ത് നിന്നും ആരും പ്രതീക്ഷിക്കാത്ത വിചിത്രമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെ കുറച്ചെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞു എന്ന് തോന്നുന്നത് പാവ കഥൈകളില്‍ മാത്രമാണ്. അതിനേക്കാള്‍ കൂടുതല്‍ അസാധാരണമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്.

അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എന്നെങ്കിലും എന്റെ അടുത്തേക്ക് വരും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാന്‍. നാടകങ്ങളില്‍ എല്ലാം കാണില്ലേ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍. തിയേറ്ററില്‍ വന്നാല്‍ ആളുകള്‍ എങ്ങനെ എടുക്കും എന്നെല്ലാം കരുതി പലരും ചെയ്യാത്ത കഥാപാത്രങ്ങള്‍ ഉണ്ടാകില്ലേ, ഒ.ടി.ടിയില്‍ കാണിക്കാം എന്ന ലെവലില്‍ ഉള്ളത്, അങ്ങനെ എങ്കിലും വന്നാല്‍ മതി. ലൈക്ക് സൈക്കോ.

സൈക്കോ പോലെയുള്ള ഒരു കഥാപാത്രമുള്ള ഒരു സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചതായിരുന്നു. എന്നാല്‍ അതെവിടെ പോയെന്ന് ഇപ്പോള്‍ അറിയില്ല. പിന്നീട് അതുമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ കേട്ടില്ല,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi Says She Would Like To Play Quirky Characters In Movies