ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറെ ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഇക്കാലമത്രയും ടീമിലെ പന്ത്രണ്ടാമനായ മഞ്ഞപ്പടയെ തൃപ്തിപ്പെടുത്താന്‍ കൊമ്പന്‍മാര്‍ക്കായിട്ടില്ല. എന്നാല്‍ നിലവിലെ സീസണില്‍ കിട്ടിയ കടം പലിശയടക്കം തിരിച്ചുകൊടുത്താണ് കൊമ്പന്‍മാര്‍ വമ്പോടെ മുന്നേറുന്നത്.
മികച്ച പ്രകടനമാണ് ടീം ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മലയാളി താരവും ടീമിന്റെ അവിഭാജ്യ ഘടകവുമായ സഹലിന്റെ പ്രകടനമാണ് മഞ്ഞപ്പടയെ ഏറെ ആവേശത്തിലാഴ്ത്തുന്നത്.
തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സഹല്‍, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ്. അതോടൊപ്പം ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാം താരം എന്ന റെക്കോഡും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ബെംഗളൂരു എഫ്.സി താരവും ഇന്ത്യന്‍ ടീം നായകനുമായ സുനില്‍ ഛേത്രിയാണ് ആദ്യം ഈ നേട്ടം കൈവരിച്ചത്.
സീസണ്‍ തുടങ്ങുന്നതിന് മുന്‍പായി 51 മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമായിരുന്നു സഹലിന്റെ പേരിലുള്ളത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും നേടിയ ഗോളിലൂടെ ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കാനും മികച്ച ഫോമിലേക്ക് മടങ്ങിയെത്താനും താരത്തിനായി.
മികച്ച ഫോമിലാണ് കളിക്കുന്നതെങ്കില്‍ കൂടിയും ഒരു മത്സരത്തിലും 90 മിനിട്ട് തികച്ച് കളിക്കാന്‍ കോച്ച് ഇതുവരെ താരത്തിന് അവസരം നല്‍കിയിട്ടില്ല. മധ്യനിരയിലെ പുത്തനുണര്‍വ് നിലനിര്‍ത്തുന്നതിനായാണ് കോച്ച് വുക്മാനൊവിച്ച് മത്സരത്തിനിടെ താരത്തെ പിന്‍വലിക്കാറ്.
എന്നാലിപ്പോള്‍ മറ്റ് താരങ്ങളെ പോലെ 90 മിനിട്ടും കളിക്കളത്തില്‍ തുടരാന്‍ തനിക്കാഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സഹല്‍. ജംഷഡ്പൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് സഹല്‍ ഇക്കാര്യം പറയുന്നത്.
താന്‍ എത്ര സമയം ഗ്രൗണ്ടില്‍ നില്‍ക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അധികാരം കോച്ചിനാണെന്നും, പലതും കണക്കു കൂട്ടിയാവും അദ്ദേഹം തന്നെ തിരിച്ചുവിളിക്കുന്നതെന്നും താരം പറയുന്നു. കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു.