നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയാണ് ‘പണി’. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു പറയുന്നത്. പണിയില്‍ എടുത്ത് പറയേണ്ടത് അതിലെ കാസ്റ്റിങ് തന്നെയാണ്. ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായി എത്തിയ ഈ സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു.
ഗിരിക്ക് പണി കൊടുക്കുന്ന ഡോണ്‍ സെബാസ്റ്റ്യനും സിജു കെ.ടിയും:
ഒരു ത്രില്ലര്‍ – റിവഞ്ച് ചിത്രത്തില്‍ നായകനോളമോ അല്ലെങ്കില്‍ നായകനേക്കാള്‍ ഏറെയോ പ്രധാന്യം എപ്പോഴും പ്രതിനായകന് തന്നെയാണ്. അത്തരം സിനിമകളില്‍ കഥയുടെ നട്ടെല്ലാവുക പ്രതിനായകനാകും. പ്രേക്ഷകര്‍ക്ക് അയാളോട് തോന്നുന്ന വെറുപ്പും ദേഷ്യവുമാണ് ആ സിനിമയുടെ വിജയം.
Sagar Surya And Junaiz VP In Pani Movie
പണിയില്‍ പ്രതിനായക സ്ഥാനത്ത് വന്നത് മുന്‍ ബിഗ് ബോസ് താരങ്ങളായ ജുനൈസ് വി.പിയും സാഗര്‍ സൂര്യയുമാണ്. ഗിരിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചെറുപ്പക്കാരായ ഡോണ്‍ സെബാസ്റ്റ്യനും സിജു കെ.ടിയുമായാണ് ഇരുവരും എത്തിയത്.
പണിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തങ്ങളുടെ വേഷം ഏറ്റവും ശക്തമായി ചെയ്യാന്‍ ജുനൈസിനും സാഗര്‍ സൂര്യക്കും സാധിച്ചിട്ടുണ്ട്. ആ സിനിമ പൂര്‍ണമായും മുന്നോട്ട് കൊണ്ടുപോകുന്നത് ജുനൈസിന്റെയും സാഗറിന്റെയും കഥാപാത്രങ്ങളാണെന്ന് പോലും തോന്നാം.
ഡോണ്‍ സെബാസ്റ്റ്യനും സിജുവും ഗിരിയുടെ ജീവിതത്തില്‍ കയറി ചെയ്യുന്ന ക്രൈമും പിന്നീട് അവര്‍ക്കിടയില്‍ നടക്കുന്ന മോസ് ആന്‍ഡ് ക്യാറ്റ് ഗെയിമും എടുത്തു പറയേണ്ടതാണ്. ഒരു ത്രില്ലര്‍ – റിവഞ്ച് ചിത്രത്തിന് വേണ്ടതെല്ലാം തന്നെ അതിലുണ്ട്.
സിനിമയുടെ ചില ഘട്ടങ്ങളില്‍ ഈ രണ്ടു ചെറുപ്പക്കാരെയും പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാന്‍ സിനിമ കാണുന്നവര്‍ക്കും തോന്നുന്നുണ്ട്. പ്രേക്ഷകര്‍ക്ക് വെറുപ്പും ദേഷ്യവും തോന്നും വിധം ആ കഥാപാത്രങ്ങളെ ഇരുവരും ചെയ്തിട്ടുണ്ട്.
പണിയിലൂടെ സാഗര്‍ താന്‍ ഒരു സ്റ്റാര്‍ മെറ്റീരിയലാണെന്ന് തെളിയിക്കുമ്പോള്‍ ജുനൈസ് മികച്ച അഭിനയത്തിലൂടെ തനിക്ക് കിട്ടിയ ആ വില്ലന്‍ വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജോജു തന്റെ ആദ്യ സിനിമയിലൂടെ സാഗറിനെയും ജുനൈസിനെയും മികച്ച രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്.
മഴവില്‍ മനോരമയിലെ തട്ടിംമുട്ടിം എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് സാഗര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ആദി എന്ന കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം തട്ടിംമുട്ടിയില്‍ എത്തിയത്. അനീഷ് പള്ളിയാല്‍ തിരക്കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതിയായിരുന്നു സാഗറിന്റെ ആദ്യ സിനിമ.
Sagar Surya
2021ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് പിന്നാലെ ജോ ആന്‍ഡ് ജോ, ഉപചാരപൂര്‍വം ഗുണ്ട ജയന്‍, ജന ഗണ മന, കാപ്പ, കാസര്‍ഗോള്‍ഡ് തുടങ്ങിയ സിനിമകളിലും സാഗര്‍ അഭിനയിച്ചിരുന്നു. നടന്റേതായി ഈ വര്‍ഷം ഇറങ്ങിയ സിനിമയാണ് പണി. സാഗറിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് കഥാപാത്രമാകും ഡോണ്‍ സെബാസ്റ്റ്യനെന്ന് പണി കാണുമ്പോള്‍ വ്യക്തമാകും.
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ വ്യക്തികളില്‍ ഒരാളാണ് ജുനൈസ് വി.പി. യൂട്യൂബിലെ കണ്ടന്റ് വീഡിയോകളിലൂടെയാണ് ജുനൈസ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി നിരവധി ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്.
Junaiz VP
സോഷ്യല്‍ മീഡിയയില്‍ തമാശ പറഞ്ഞ് ചിരിപ്പിച്ച ജുനൈസ് പണി സിനിമയില്‍ എത്തുന്നത് പ്രതിനായക സ്ഥാനത്താണ്. നായകനെ അങ്ങേയറ്റം വട്ടംകറക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഏറെ വില്ലത്തരമുള്ള തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജുനൈസിന് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. അധികം ചിരിക്കാത്ത പരുക്കനായ കഥാപാത്രമാണ് സിജുവിന്റേത്. ആ കഥാപാത്രത്തോട് വെറുപ്പ് തോന്നിപ്പിക്കും വിധം തന്നെ ജുനൈസ് അഭിനയിച്ചിട്ടുണ്ട്.
Content Highlight: Sagar Surya And Junaiz VP In Pani Movie