ലഖ്‌നൗ: ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി. കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ സംരക്ഷിക്കുന്നതിനെ തുടര്‍ന്നാണ് ബി.ജെ.പിക്കെതിരെ ഉവൈസി ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഉയര്‍ന്ന ജാതിക്കാര്‍ ആയതിനാലാണ് ആശിഷിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആശിഷ് എന്നതിന് പകരം ആതിക്ക് എന്നായിരുന്നു പേര് എങ്കില്‍ ഉടനെ അറസ്റ്റ് ചെയ്ത് വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുമായിരുന്നു എന്നും ഉവൈസി ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാരുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നും ഉവൈസി പറഞ്ഞു.
ബല്‍റാംപൂരിലെ പാര്‍ട്ടി പൊതുയോഗത്തില്‍ വെച്ചാണ് ഉവൈസി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അജയ് മിശ്രയെ എന്തുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തത് എന്നും ഉവൈസി ചോദിച്ചു.
സ്വന്തം വാഹനം ഇടിച്ച് അഞ്ച് കര്‍ഷകര്‍ കൊല്ലചെയ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തത്, ഉവൈസി ചോദിച്ചു.
അതേസമയം കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു. രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആശിഷ് മിശ്ര അറസ്റ്റിലായത്.
കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്.പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.