സച്ചിൻ ലോകകപ്പ് നേടിയത് ആറ് ശ്രമങ്ങൾക്ക് ശേഷം; അതുകൊണ്ട് അദ്ദേഹം മോശം താരമാണോ? അശ്വിൻ
Cricket
സച്ചിൻ ലോകകപ്പ് നേടിയത് ആറ് ശ്രമങ്ങൾക്ക് ശേഷം; അതുകൊണ്ട് അദ്ദേഹം മോശം താരമാണോ? അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th January 2023, 8:49 pm

ശ്രീലങ്കക്കെതിരെ ടി-20 ഏകദിന പരമ്പര വിജയങ്ങൾക്ക് ശേഷം ന്യൂസിലാൻഡ്സിനെതിരെയുള്ള പരമ്പരയിലാണ് ഇന്ത്യൻ ടീമിപ്പോൾ. കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തൂത്ത് വാരാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

എന്നാൽ ജനുവരി 27ന് നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം കിവീസിനോട് 21 റൺസിന് ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യ കിവീസ് മത്സരം പുരോഗമിക്കുമ്പോഴും വിരാട് കോഹ് ലിയെയും രോഹിത് ശർമയെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സംവാദങ്ങളുമാണ് ക്രിക്കറ്റ്‌ ലോകത്ത്.

ക്യാപ്റ്റനെന്ന നിലയിൽ വിരാടിനും രോഹിത്തിനും ഇന്ത്യക്കായി പ്രധാനപ്പെട്ട കിരീടങ്ങൾ ഒന്നും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ചില ആരാധകരിൽ നിന്നും മോശം പരാമർശങ്ങളും പരിഹാസങ്ങളും ഇരു താരങ്ങൾക്കും നേരിടേണ്ടി വന്നു.

ക്രിക്കറ്റ്‌ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വന്ന വിമർശനങ്ങൾ കൂടാതെ മുൻ ക്രിക്കറ്റ്‌ താരങ്ങളും ഇരുവർക്കുമെതിരെ രംഗത്ത് വന്നിരുന്നു.
എന്നാൽ കിരീടം നേടാൻ സാധിക്കാത്തതിനാൽ തുടർച്ചയായി വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന വിരാടിനെയും രോഹിത് ശർമയേയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ആർ. അശ്വിൻ.

സച്ചിൻ ടെൻഡുൽക്കറിന് ഒരു ലോകകപ്പ് നേടാൻ ആറ് തവണ ശ്രമിക്കേണ്ടി വന്നെന്നും എന്നാൽ ധോണിക്ക് ആദ്യ ശ്രമത്തിൽ തന്നെ ലോകകപ്പ് കിട്ടിയേന്നും, അതിനാൽ സച്ചിൻ ധോണിയെക്കാൾ മോശം പ്ലെയർ ആകുന്നില്ലെന്നുമാണ് അശ്വിൻ അഭിപ്രായപ്പെട്ടത്.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ പരാമർശം.

“സച്ചിന് ഒരു ലോകകപ്പ് നേടാൻ ആറ് തവണ ശ്രമിക്കേണ്ടി വന്നു. അദ്ദേഹം ആദ്യ ലോകകപ്പ് കളിച്ചത് 1992ലാണ്. അവസാനം കളിച്ചത് 2011ലും. അവസാന ലോകകപ്പ് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ധോണി 2007ലെ ആദ്യ ശ്രമത്തിൽ തന്നെ ലോകകപ്പ് നേടി. 2011ലും അദ്ദേഹം ലോകകപ്പ് നേടി. അത് കൊണ്ട് തന്നെ എല്ലാവർക്കും എല്ലാം എളുപ്പം ലഭിക്കണമെന്നോ സച്ചിൻ ധോണിയെ അപേക്ഷിച്ച് മോശം പ്ലെയറാണെന്നോ പറയാൻ സാധിക്കില്ല,’ അശ്വിൻ പറഞ്ഞു.

” വിരാട് 2011ലെ ലോകകപ്പ് നേടിയ ടീമിലും 2013ലെ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. രോഹിത്തും ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലുണ്ടായിരുന്നു. അതിനാൽ അവർക്ക് കുറച്ചു കൂടി സമയം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം,’ ആർ.അശ്വിൻ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി-20 യിൽ ബാറ്റിങ് ചെയ്യുകയാണ് കിവീസ്. നിലവിൽ 18 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണ് ന്യൂസിലാൻഡ്സ് നേടിയിരിക്കുന്നത്.

 

Content Highlights:Sachin won the World Cup after six attempts; Does that make him a bad player? Ashwin