സച്ചിന്‍, സെവാഗ്, ഗാംഗുലി, ഗംഭീര്‍, രോഹിത്...; ഗുജറാത്തിന്റെ ആണിക്കല്ലു തകര്‍ത്ത സഞ്ജുവിനേയും റിഷഭ് പന്തിനേയും പ്രശംസിക്കാന്‍ മത്സരിച്ച് ക്രിക്കറ്റ് ലോകം
Daily News
സച്ചിന്‍, സെവാഗ്, ഗാംഗുലി, ഗംഭീര്‍, രോഹിത്...; ഗുജറാത്തിന്റെ ആണിക്കല്ലു തകര്‍ത്ത സഞ്ജുവിനേയും റിഷഭ് പന്തിനേയും പ്രശംസിക്കാന്‍ മത്സരിച്ച് ക്രിക്കറ്റ് ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2017, 3:28 pm

ന്യൂദല്‍ഹി: ഗുജറാത്ത് ലയണ്‍സിന്റെ ആണിക്കല്ലു തകര്‍ത്ത ഇന്നിംഗ്‌സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളായ സഞ്ജു സാംസണേയും റിഷഭ് പന്തിനേയും പ്രശംസിച്ച് മതിയാകാതെ ക്രിക്കറ്റ് ലോകം. 43 പന്തില്‍ നിന്നും 97 റണ്‍സുമായി കളം വിട്ട പന്താണ് ഇന്നലത്തെ മത്സരത്തിലെ ഹീറോ.

സെഞ്ച്വറിയ്ക്ക് വെറും മൂന്ന് റണ്‍സ് മാത്രം അകലെ വീണു പോയപ്പോള്‍ കണ്ണും കരളും കലങ്ങിയ പന്തിനരികിലെത്തി ആശ്വസിപ്പിക്കുന്ന സുരേഷ് റെയ്‌നയുടെ ചിത്രമായിരുന്നു ഇന്നലെത്തെ മനോഹര കാഴ്ച്ചകളിലൊന്ന്.

റെയ്‌നയുടെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് ലോകത്തിലെ പ്രമുഖരൊക്കെ രംഗത്തെത്തുകയാണ്. സാക്ഷാല്‍ സച്ചിനും ഗാംഗുലിയും സെവാഗും രോഹിതുമൊക്കെ പന്തിന്റേയും സഞ്ജുവിന്റേയും സിക്‌സ് മഴ പെയ്യിപ്പിച്ച പാര്‍ട്ടണര്‍ഷിപ്പിനെ വാനോളം പുകഴ്ത്തുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഐ.പി.എല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നെന്നായിരുന്നു സച്ചിന്‍ പന്തിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.

209 റണ്‍സിന്റെ റണ്‍മല തന്നെ ഡെയര്‍ഡെവിള്‍സിനു മുന്നിലിട്ടു കൊടുത്തപ്പോള്‍ ഗുജറാത്ത് വിജയം മണത്തിരുന്നു. എന്നാല്‍ ആ സ്വപ്‌നങ്ങളെയൊക്കെ സഞ്ജുവും പന്തു ചേര്‍ന്ന് തല്ലിക്കെടുത്തുകയായിരുന്നു. 31 പന്തില്‍ നിന്നും 61 മായി സാംസണും പന്തും മാറി മാറി ഗുജറാത്തിനെ പ്രഹരിക്കുകയായിരുന്നു.

ഡല്‍ഹിയുടെ ചുണക്കുട്ടികളുടെ പ്രകടനത്തെ സൂക്ഷിക്കണമെന്നാണ് കൊല്‍ക്കത്തയുടെ ദാദ മറ്റ് ടീമുകള്‍ക്ക് നല്‍കുന്ന ഉപദേശം. സ്‌പെഷ്യല്‍ എന്നാണ് ഇരുവരേയും ദാദ വിശേഷിപ്പിക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗു പോലെ തന്നെ കുറിക്കു കൊള്ളുന്ന ട്വീറ്റുകള്‍ കൊണ്ടു ശ്രദ്ധേയനായ വിരേന്ദര്‍ സെവാഗും പന്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പന്തിനെ അടിച്ചു പകര്‍ത്താനും കഴിയുന്ന ബാറ്റ്‌സ്മാന്മാരെ തനിക്കൊരുപാട് ഇഷ്ടമാണെന്നും അത്തരത്തിലൊന്നായിരുന്ന പന്തിന്റെ ഇന്നിംഗ്‌സെന്നും വീരു പറയുന്നു.

അതേസമയം മൂന്ന് റണ്‍സകലെ പന്തിന് നഷ്ടമായ സെഞ്ച്വറിയെ കുറിച്ചാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത്. പന്ത് ആ സെഞ്ച്വറി അര്‍ഹിച്ചിരുന്നുവെന്നും ധീരമായ പ്രകടനമെന്നുമായിരുന്നു രോഹിതിന്റെ ട്വീറ്റ്.

ഒരേസമയം പരിചയസമ്പന്നരുടെ ശാന്തതയും യുവത്വത്തിന്റെ സ്‌ഫോടനാക്മതയും എന്നായിരുന്നു സഞ്ജു-പന്ത് കൂട്ടു കെട്ടിനെ ഗംഭീര്‍ വിശേഷിപ്പിച്ചത്. പന്തിനെ സൂക്ഷിക്കണമെന്നാണ് പ്രമുഖ കായിക റിപ്പോര്‍ട്ടറായ ഹര്‍ഷ ബോഗ്ലെയുടെ ട്വീറ്റിലെ മുന്നറിയിപ്പ്.


Also Read: ഫൈന്‍ അടിച്ച 25,000രൂപയിലേക്ക് #എന്റെ വക 5: സര്‍ക്കാറിനെ പരിഹസിച്ച് വി.ടി ബല്‍റാം


റിഷഭിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് കണക്കാക്കുന്നത്. 208 പോലെ മികച്ച ടോട്ടലുണ്ടായിട്ടും ഗുജറാത്തിനെ ഡല്‍ഹി മറികടന്നിട്ടുണ്ടെങ്കില്‍, പന്ത് ഇന്ത്യയുടെ ഭാവിയാണ് എന്നതിന്റെ തെളിവാണത് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സ്‌കോര്‍ 97 ല്‍ എത്തി നില്‍ക്കെ ഗുജറാത്തിന്റെ മലയാളി താരം ബേസില്‍ തമ്പിയുടെ പന്തില്‍ സെഞ്വ്വറിയ്ക്ക് വെറും മൂന്ന് റണ്‍സ് അകലെയാണ് പന്ത് വീണത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പിന്തുടര്‍ന്നുള്ള വിജയത്തിനാണ് ഇന്നലെ പന്തും സഞ്ജുവും ചേര്‍ന്ന് തറക്കല്ലിട്ടത്. ഇതോടെ ഡെയര്‍ഡെവിള്‍സ് പ്ലേ ഓഫിനുള്ള സാധ്യതകളും നിലനിര്‍ത്തിയിരിക്കുകയാണ്.

പോയന്റ് പട്ടികയില്‍ ആറാമതുള്ള ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ അടുത്ത മത്സരം ശനിയാഴ്ച്ച മുംബൈ ഇന്ത്യന്‍സുമായാണ്.