സച്ചിന്‍ തെണ്ടുല്‍ക്കറുടെ സുരക്ഷ കുറച്ചു, ആദിത്യ താക്കറെയുടെ കൂട്ടി; ബി.ജെ.പി നേതാക്കളുടെ സുരക്ഷയിലും മാറ്റം; മഹാരാഷ്ട്രയിലെ പുതിയ നീക്കം ഇങ്ങനെ
national news
സച്ചിന്‍ തെണ്ടുല്‍ക്കറുടെ സുരക്ഷ കുറച്ചു, ആദിത്യ താക്കറെയുടെ കൂട്ടി; ബി.ജെ.പി നേതാക്കളുടെ സുരക്ഷയിലും മാറ്റം; മഹാരാഷ്ട്രയിലെ പുതിയ നീക്കം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2019, 1:58 pm

മുംബൈ: മഹാരാഷ്ട്രയിലെ വി.ഐ.പികള്‍ക്കു ലഭിക്കുന്ന സുരക്ഷയില്‍ അടിമുടി മാറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ എക്‌സ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ നേതാവുമായ ആദിത്യ താക്കറെയുടെ സുരക്ഷ വൈ പ്ലസില്‍ നിന്ന് സെഡാക്കി വര്‍ധിപ്പിച്ചു.

എക്‌സ് കാറ്റഗറി പിന്‍വലിച്ചതോടെ സച്ചിന് ചുറ്റും എപ്പോഴുമുള്ള പൊലീസ് സുരക്ഷ ഇനിയുണ്ടാവില്ല. ആദിത്യ താക്കറെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭരണകക്ഷിയിലെ പ്രമുഖ നേതാവാകുകയും ചെയ്തതോടെയാണു സുരക്ഷ വര്‍ധിപ്പിച്ചത്.

അതേസമയം ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയുടെ വൈ കാറ്റഗറി സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിനു സുരക്ഷയുണ്ടാവില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ഗവര്‍ണറുമായ രാം നായിക്കിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ എക്‌സ് കാറ്റഗറിയാക്കി കുറച്ചിട്ടുമുണ്ട്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികത്തിന്റെ സുരക്ഷയും സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് വൈയാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ സുരക്ഷ ലഭിക്കുന്ന ആകെയുള്ള 97 പേരില്‍ 29 പേരുടെ സുരക്ഷയാണു പിന്‍വലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളത്.

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഇടക്കാല് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ സുരക്ഷയിലാണു കേന്ദ്രം മാറ്റം വരുത്തിയത്. ഇവരുടെ എസ്.പി.ജി സുരക്ഷയാണ് കേന്ദ്രം എടുത്തുകളഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെതിരെ അന്ന് ശിവസേന രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലാണെങ്കിലും ദല്‍ഹിയിലാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സുരക്ഷിതരാണെന്നു തോന്നുന്ന അന്തരീക്ഷം ഉണ്ടാവുകയെന്നത് അനിവാര്യമാണെന്നായിരുന്നു ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറഞ്ഞത്.

അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഇത്തരത്തില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്താല്‍ പോലും അത് പ്രശ്നമായിരുന്നില്ലെന്നും ശിവസേന പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല, ബുള്ളറ്റ് പ്രൂഫ് കാറുകളുടെ പ്രാധാന്യം കൂടിവരുന്നു. ഇതിനര്‍ത്ഥം ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്തതില്‍ ഉയരുന്ന ആശങ്ക ശരിയാണെന്നാണ്.

ഉപയോഗിച്ച കാറുകള്‍ അവരുടെ സുരക്ഷയ്ക്കായി അയയ്ക്കുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്നതിനാല്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം.

ഒരാള്‍ ഒരു വ്യക്തിയുടെ ജീവിതം വെച്ച് കളിക്കരുത്. ഗാന്ധി കുടുംബമല്ല മറ്റൊരാളായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് തന്നെ സ്വീകരിക്കുമായിരുന്നു”- സാമ്ന എഡിറ്റോറിയലില്‍ പറഞ്ഞു.