ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്ന് രാജസ്ഥാന്‍
ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. അധികാരത്തില്‍ വന്നയുടന്‍ കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്നായിരുന്നു മോദി സര്‍ക്കാറിന്റെ വാഗ്ദാനമെന്നും എന്നാല്‍ ഇപ്പോള്‍ കള്ളപ്പണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മോദി ക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് പറയുമെന്നും സച്ചിന്‍ പറഞ്ഞു. ദി ഹിന്ദുവിന്റെ “ഹഡില്‍ 2019“ല്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.
“2014ലെ ആദ്യത്തെ ക്യാബിനറ്റ് ചര്‍ച്ചയ്ക്കു ശേഷം അവര്‍ കള്ളപ്പണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. അവര്‍ ഉടന്‍ തന്നെ അവരുടെ അവസാനത്തെ ക്യാബിനറ്റ് മീറ്റ് വിളിക്കും, എന്നാല്‍ നയാ പൈസ പോലും തിരിച്ചു വന്നിട്ടില്ല. കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് അവര്‍ മുമ്പ് നടത്തിയ പ്രസ്താവനകളെക്കുറിച്ച് ഇപ്പോള്‍ ചോദിച്ചാല്‍ അവര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംസാരിക്കും”- സച്ചിന്‍ പൈലറ്റ് പറഞ്ഞു. നോട്ടു നിരോധനത്തിനു ശേഷം 99 ശതമാനം നോട്ടുകളല്ല മറിച്ച് 105 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് സച്ചിന്‍ പരിഹസിച്ചു.
കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന 2ജി സെപ്ക്ട്രം അഴിമതി ആരോപണവും ഖനന അഴിമതി ആരോപണവും അടിസ്ഥാന രഹിതമാണെന്ന് കോടതി തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്നും, എന്നാല്‍ റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.
ബി.എസ്.പി-എസ്.പി സഖ്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നതായും എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് 2009നെക്കാളും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും സച്ചിന്‍ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നും 35 വര്‍ഷമായി ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രധാനമന്ത്രി പദം മാത്രം ലക്ഷ്യം വെച്ചാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.