സഞ്ജുവല്ല, ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങേണ്ടത് അവനാണ്: മുൻ ഇന്ത്യൻ താരം
Cricket
സഞ്ജുവല്ല, ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങേണ്ടത് അവനാണ്: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 9:18 am

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടി-20 പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു.

സഞ്ജു ബംഗ്ലാദേശിനെതിരെ ഓപ്പണറായി കളിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. സഞ്ജുവും അഭിഷേക് ശര്‍മയുമായിരിക്കും ഓപ്പണിങ്ങില്‍ എത്തുക എന്ന വാര്‍ത്തകളും സജീവമായി നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സബാ കരിം. അഭിഷേകിനൊപ്പം റിങ്കു സിങ് ഓപ്പണറായി ഇറങ്ങണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. ജിയോ സിനിമയിലൂടെ സംസാരിക്കുകയായിരുന്നു കരിം.

‘അഭിഷേക് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഓപ്പണിങ്ങില്‍ റിങ്കു സിങ്ങിനെ കാണാന്‍ ശക്തമായ സാധ്യതയുണ്ട്. റിങ്കു ആറോ എഴോ നമ്പറില്‍ എപ്പോഴും വരും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മത്സരങ്ങളില്‍ അധികം പന്തുകള്‍ ലഭിക്കുന്നില്ല,’ മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

റിങ്കു സിങ് ഇതുവരെ തന്റെ കരിയറില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ട ഒന്നാണ്. ഇന്ത്യക്കായി 23 ടി-20യില്‍ 17 ഇന്നിങ്‌സുകളില്‍ ബാറ്റെടുത്ത റിങ്കു 418 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധസെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫിനിഷിങ് റോളില്‍ കളിക്കുന്ന ഒരു താരത്തെ ടീം മാനേജ്‌മെന്റ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നതാണ്.

അതേസമയം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. ഇന്ത്യ ബിക്കെതിരെ സെഞ്ച്വറി നേടികൊണ്ടാണ് സഞ്ജു തിളങ്ങിയത്. 101 പന്തില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാം ഇന്നിങ്സില്‍ 53 പന്തില്‍ 45 റണ്‍സ് നേടിയും സഞ്ജു മികച്ച പ്രകടനം നടത്തി.

എന്നാല്‍ ശ്രീലങ്കക്കെതിരെയുള്ള കഴിഞ്ഞ ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

 

Content Highlight: Sabha Karim Talks About Rinku Singh