കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് പിന്നാലെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. ഹര്‍ജി നല്‍കിയത് ഒരു മുസ്ലിം നാമധാരിയാണെന്നും ഇയാള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്നും തുടങ്ങി വ്യാപക പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ ദല്‍ഹിയിലെ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ പ്രസിഡന്റായ നൗഷാദ് അഹമ്മദ് ഖാന് നേരെയാണ് ഇവര്‍ വ്യാജപ്രചരണം നടത്തുന്നത്. എന്നാല്‍ അസോസിയേഷനിലെ വനിതാ അഭിഭാഷകര്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നല്‍കിയത് 2006 ലാണ്. അത് മറച്ചു വെച്ചു കൊണ്ടാണ് 2014 ല്‍ സംഘടനയുടെ പ്രസിഡണ്ടായി വന്ന നൗഷാദ് അഹമ്മദ് ഖാനാണ് കേസ് കൊടുത്തതെന്ന പ്രചരണം സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്.
Read Also : കരസേന മേജര്‍ പീഡിപ്പിച്ചു;ഭര്‍ത്താവിനെ കൊലപ്പെടുത്തി;ഗുരുതര ആരോപണവുമായി വീട്ടുജോലിക്കാരി
പത്ത് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുന്നത് ചോദ്യം ചെയ്തുകൊണ്ട് 2006 ജൂലൈ 28 നാണ് കേസ് രജിസ്ട്രിയുടെ മുന്നിലെത്തുന്നത്. 2006 ആഗസ്ത് ഡ.ബ്ല്യു.പി.സി നമ്പര്‍ 373 /2006 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അഡ്വക്കേറ്റുമാരായ ഭക്തി പസ്രിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക ശര്‍മ്മ, സുധ പാല് എന്നിവരായിരുന്നു പരാതിക്കാര്‍.
കേസ് സുപ്രീം കോടതിയിലെത്തി എട്ടുവര്‍ഷം കഴിഞ്ഞ് 2014ല്‍ മാത്രമാണ് മാത്രമാണ് നൗഷാദ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. എന്നാല്‍ നൗഷാദിന്റെ മതം ഉയര്‍ത്തിപ്പിടിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടക്കുന്നത്.
നേരത്തേയും ഇതേ പ്രചരണം പൊക്കിപ്പിടിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. അന്ന് ഖാന് നേരെ വധഭീഷണി ഉണ്ടാകുകയും പോലിസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. കേസില്‍ വിധി വന്നതോടെ വീണ്ടും അതേപ്രചരണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇസ്ലാമിക ഭീകരര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണെന്നും ശബരിമലയുടെ കാര്യത്തില്‍ മുസ്ലിമായ ഇയാള്‍ക്കെന്താണ് കാര്യമെന്നും ചോദിച്ചായിരുന്നു രണ്ടുകൊല്ലം മുമ്പ് പ്രചാരണം നടന്നിരുന്നത്. തുടര്‍ന്ന് പലയിടങ്ങളില്‍ നിന്നായി ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതായും അഹമ്മദ് ഖാന് ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.
400ഓളം ഫോണ്‍ കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് തനിക്ക് വന്നിട്ടുണ്ടെന്നും അതില്‍ പലതും വധഭീഷണി മുഴക്കിക്കൊണ്ടുള്ളതാണെന്നും മുസ്ലീം അഭിഭാഷകനായതുകൊണ്ടാണ് തന്നെ അവര്‍ ലക്ഷ്യം വെക്കുന്നതെന്നും നൗഷാദ് അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതേ മാതൃകയിലാണ് സംഘപരിവാര്‍ വീണ്ടും നുണ പ്രചരിപ്പിയ്ക്കുന്നത്.