national news
ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടത്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 01, 02:19 pm
Tuesday, 1st January 2019, 7:49 pm

ന്യൂദല്‍ഹി: ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ പ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

“എല്ലാവര്‍ക്കും നീതി കിട്ടണം എന്ന പൊതു അഭിപ്രായമാണ് ഇന്ത്യക്കുള്ളത്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത സ്വന്തം പാരമ്പര്യമുള്ള ചില ക്ഷേത്രങ്ങളുണ്ട്. അവിടെ പുരുഷന്മാര്‍ പോകാറില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെ സ്ത്രീ ജഡ്ജി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അത് എല്ലാവരും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.


ആ നിരീക്ഷണങ്ങളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുമില്ല. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ കുറച്ചു നിര്‍ദേശങ്ങള്‍ വെക്കുകയാണ് ചെയ്തത്. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്”- മോദി അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി അഭിപ്രായം പറയുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയില്‍ പരിഗണിക്കവെ അതിനെ എതിര്‍ത്തത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയായിരുന്നു. ആഴത്തിലുള്ള മതവിശ്വാസങ്ങള്‍ക്കുമേല്‍ കോടതി ഇടപെടല്‍ പാടില്ലെന്നു പറഞ്ഞാണ് ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 എന്നിവരുടെ സംരക്ഷണം ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കുമുണ്ട്. മതത്തിന്റെ കാര്യത്തില്‍ യുക്തിചിന്ത കാണാന്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.


അതേസമയം, മുത്തലാഖ് നിരോധനം ലിംഗ സമത്വത്തിന്റേയും സാമൂഹ്യ നീതിയുടേയും ഭാഗമാണെന്നും അതിനെ മതപരമായ ഒന്നായി കാണേണ്ടതില്ലെന്നും മോദി പറഞ്ഞു.

“ഒരുപാട് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ പോലും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് മുത്തലാഖ് നിരോധനം വിശ്വാസത്തിനു എതിരല്ല”- മോദി പറഞ്ഞു.