'ഞങ്ങള്‍ ഹിന്ദുത്വര്‍, പക്ഷേ ബി.ജെ.പിയുടെ അടിമകളല്ല'; ശിവസേന മുഖപത്രം സാമ്‌ന
national news
'ഞങ്ങള്‍ ഹിന്ദുത്വര്‍, പക്ഷേ ബി.ജെ.പിയുടെ അടിമകളല്ല'; ശിവസേന മുഖപത്രം സാമ്‌ന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 5:07 pm

മുംബൈ: ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറാത്തിയിലെ ഐക്യം തകര്‍ക്കാനുള്ള തന്ത്രമാണെന്ന് ശിവസേന.
മോദിയുടെ തരംഗം അവസാനിച്ചത് കൊണ്ടാണോ ബാലാസാഹെബ് തക്കറെയുടെ പേരില്‍ വോട്ട് ചോദിക്കുന്നതെന്നും ശിവസേന ചോദിച്ചു.

ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

‘നിങ്ങള്‍ എന്തിനാണ് ബാലാസാഹെബിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത്? നിങ്ങളുടെ മോദി യുഗവും മോദി തരംഗവും ഒക്കെ കുറഞ്ഞു തുടങ്ങിയത് കൊണ്ടാണോ?’ സാമ്‌നയില്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ ഏക് നാഥ് ഷിന്‍ഡെ വിമത നീക്കത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ചിരുന്നു. 39 നിയമസഭാംഗങ്ങളായിരുന്നു ഷിന്‍ഡെയോടൊപ്പം ഉണ്ടായിരുന്നത്.

ജൂണ്‍ 30നായിരുന്നു വിമത നീക്കത്തിന് നേതൃത്വം നല്‍കിയ ഏക് നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഉപമുഖ്യമന്ത്രി.

ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെപ്പോലുള്ള നേതാക്കള്‍ ഇപ്പോള്‍ ‘ബാലാസാഹിബിന്റെ സ്വപ്നം’ നിറവേറ്റാന്‍ നടക്കുകയാണെന്നും 2014ല്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോള്‍ അന്തരിച്ച സേനാ മേധാവിയെ അവരാരും ഓര്‍ത്തില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.

2019ല്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രിപദം നല്‍കുമെന്ന വാക്ക് പാലിക്കാതെ പോയപ്പോഴൊന്നും ബാലാസാഹെബിന്റെ സ്വപ്നങ്ങളെ കുറിച്ച് ബി.ജെ.പി ഓര്‍ത്തില്ലെന്നും എഡിറ്റോറിയലില്‍ കുറിക്കുന്നു.

‘ഫഡ്നാവിസിന്റെ വാക്കുകള്‍ വഞ്ചകനായ കുറുക്കന്റെ ക്ഷണത്തിന് സമാനമാണ്. മുംബൈയിലെയും താനെയിലെയും ആളുകള്‍ ജാഗ്രത പാലിക്കണം,’ സാമ്ന പറയുന്നു.

ബി.ജെ.പി ഉപയോഗിക്കുന്ന ‘ബാലാസാഹെബിന്റെ സ്വപ്നം’ എന്ന വാക്യം മുംബൈയിലെ മറാത്തി ഐക്യം തകര്‍ക്കാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ബി.ജെ.പി വിമുക്തഭടന്മാരായ ലാല്‍ കൃഷ്ണ അദ്വാനിയെയും അടല്‍ ബിഹാരി വാജ്പേയിയെയും മറന്ന ആളുകള്‍ ബാലാസാഹെബിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുമോ എന്നും സാമ്ന പറയുന്നു.

ഇന്നത്തെ ഭാരതീയ ജനതാ പാര്‍ട്ടി ‘യഥാര്‍ത്ഥ ബി.ജെ.പി അല്ലെന്നും എഡിറ്റോറിയലില്‍ അവകാശപ്പെടുന്നുണ്ട്. വാജ്പേയിയുടെയും അദ്വാനിയുടെയും പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടോ എന്ന് പോലും ചോദിക്കേണ്ടിയിരിക്കുന്നുവെന്നും സാമ്‌നയില്‍ പരാമര്‍ശിക്കുന്നു.

‘വാഗ്ദാനങ്ങള്‍ പാലിക്കുന്നതായിരുന്നു വാജ്പേയിയുടെ ബി.ജെ.പി. പക്ഷേ ഇപ്പോഴതല്ല. ഇതുകൊണ്ടാണ് അത്തരം ബി.ജെ.പി (സഖ്യം) ഉപേക്ഷിച്ച് ‘ഹിന്ദുത്വ’യുടെ മറ്റൊരു പാതയിലേക്ക് ശിവസേന യാത്ര തുടങ്ങിയത്.

ശിവസേനയുടെ രാഷ്ട്രീയ നിലപാട് ഇപ്പോഴും സമാനമാണ്. ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്, പക്ഷേ ബി.ജെ.പിയുടെ അടിമകളല്ല, ‘ സാമ്‌നയില്‍ പറയുന്നു.

Content Highlight: Saamna criticize bjp in its editorial, says we are hindutvawadi;s but not the slaves of bjp