Entertainment
രാവിലെ മുതല്‍ കാത്തിരുന്ന്‌ കിട്ടിയതിത്ര മാത്രം 'ലാല്‍ വികാരാധീനനായി ഇറങ്ങിപ്പോയി'; മോഹന്‍ലാലിന്റെ മറുപടിയെ പരിഹസിച്ച് എസ്. ശാരദക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 31, 02:28 pm
Saturday, 31st August 2024, 7:58 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ താരസംഘടനായ അമ്മയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം അമ്മയില്‍ കൂട്ടരാജി പ്രഖ്യാപിച്ചു. നേതൃസ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയും രാജിയുടെ പശ്ചാത്തലത്തില്‍ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്നാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ ഒരുപാട് ചോദ്യങ്ങളുമായി മോഹന്‍ലാലിന് മുന്നില്‍ ചെന്ന മാധ്യമങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. എവിടെയും തൊടാതെയുള്ള മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്.

പിന്നാലെ നിരവധി പേര്‍ മോഹന്‍ലാലിന് എതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. ഇന്നത്തെ താരത്തിന്റെ മറുപടിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുക്കാരി എസ്. ശാരദക്കുട്ടി. മോഹന്‍ലാല്‍ ‘എന്റെ കയ്യില്‍ ഉത്തരമില്ല’ എന്ന് പറയുന്ന റിപ്പോര്‍ട്ടറിന്റെ കാര്‍ഡ് പങ്കുവെച്ച് കൊണ്ടാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പത്രപ്രവര്‍ത്തകര്‍ : എന്താ തപ്പുന്നത്?
മോഹന്‍ലാല്‍ : സൂചി താഴെ പോയി
പ.പ്ര : അതാണോ തപ്പുന്നത്?
ലാല്‍ : ഉം
പ.പ്ര : ഉം ന്ന് പറഞ്ഞാ സൂചി കിട്ട്വോ?
ലാല്‍: ഉം ഉം
പ.പ്ര : ഉം ഉം ന്ന് പറഞ്ഞാ സൂചി കിട്ട്വോ?
ലാല്‍: ആ
പ.പ്ര : ആന്ന് പറഞ്ഞാ സൂചി കിട്ട്വോ?
ലാല്‍ : അറിയില്ല
പ.പ്ര : അറിയില്ലാന്ന് പറഞ്ഞാ സൂചി കിട്ട്വോ?
ലാല്‍: എനിക്ക് അറിയില്ലാന്ന് പറഞ്ഞില്ലേ?
പ.പ്ര : എനിക്കറിയില്ലാന്ന് പറഞ്ഞാ സൂചി കിട്ട്വോ?

രാവിലെ മുതല്‍ കാത്തിരുന്ന പ.പ്രച്ഛ. ഒടുവില്‍ കിട്ടിയതിത്ര മാത്രം. ‘ലാല്‍ വികാരാധീനനായി ഇറങ്ങിപ്പോയി.’

വേണംന്നുണ്ടെങ്കില്‍ വൈകുന്നേരം കനകക്കുന്നില്‍ വീണ്ടും കാണാം പ.പ്രഛ


Content Highlight: S Saradakutty Mocking Mohanlal’s Reply On Hema Committee Report