ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് എസ്.എസ്. രാജമൗലി. 2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ് രാജമൗലി സംവിധാനരംഗത്ത് കാലെടുത്തുവെച്ചത്. പിന്നീട് ഒരോ സിനിമ കഴിയുന്തോറും തന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ രാജമൗലിക്ക് സാധിച്ചു. ബാഹുബലി സീരിസിലൂടെ തെലുങ്ക് സിനിമയെ ഇന്ത്യ മുഴുവന്‍ ശ്രദ്ധേയമാക്കി. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ വേദിയിലും രാജമൗലി തിളങ്ങി.
കരിയറില്‍ ചെയ്ത 12 സിനിമകളും ബ്ലോക്ക്ബസ്റ്ററാക്കിയ തെലുങ്കിലെ ഒരേയൊരു സംവിധായകന്‍ കൂടിയാണ് രാജമൗലി. താന്‍ ചെയ്ത സിനിമകളില്‍ ഏതെങ്കിലും ഒന്ന് പ്രേക്ഷകരുടെ മനസില്‍ മായ്ച്ചുകളയാന്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രാജമൗലി. തന്റെ ആദ്യ ചിത്രമായ സ്റ്റുഡന്റ് നമ്പര്‍ വണ്‍ അത്തരത്തില്‍ മായ്ച്ചുകളയാന്‍ തോന്നാറുണ്ടെന്ന് രാജമൗലി പറഞ്ഞു.
അന്നത്തെ കാലത്ത് ആ ചിത്രം വന്‍ ഹിറ്റായിരുന്നെന്നും എന്നാല്‍ ഇന്ന് കാണുമ്പോള്‍ തനിക്ക് പല പ്രശ്‌നങ്ങളും തോന്നാറുണ്ടെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. വളരെ അമച്വറായിട്ടാണ് ആ ചിത്രം ചെയ്തതെന്ന് തോന്നാറുണ്ടെന്നും രാജമൗലി പറഞ്ഞു. ഇന്ന് കാണുമ്പോള്‍ പല ഭാഗങ്ങളും ക്രിഞ്ചായി തോന്നുന്നെന്നും അത് ചെയ്യണ്ടായിരുന്നെന്ന് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു രാജമൗലി.
‘എന്റെ സിനിമകള്‍ നോക്കിയാലും മറ്റെല്ലാ സിനിമകള്‍ നോക്കിയാലും ഏതെങ്കിലും ഒന്ന് പ്രേക്ഷകരുടെ മനസില്‍ മായ്ക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ഒരൊറ്റ സിനിമയേ തെരഞ്ഞെടുക്കുള്ളൂ. അത് സ്റ്റുഡന്റ് നമ്പര്‍ വണ്‍ ആണ്. എന്റെ ആദ്യ സിനിമയാണത്. അന്നത്തെ കാലത്ത് അത് വലിയ ഹിറ്റായിരുന്നു. പക്ഷേ ഒരുപാട് കുഴപ്പങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ അനുഭവപ്പെടാറുണ്ട്.
കുറേ സീനുകള്‍ വളരെ അമച്വറായിട്ടാണ് എടുത്തുവെച്ചിട്ടുള്ളത്. അതുപോലെ പല സീനുകളും ഇപ്പോള്‍ കാണുമ്പോള്‍ ക്രിഞ്ചായി തോന്നുന്നുണ്ട്. ആ സിനിമ ചെയ്യണ്ടായിരുന്നു എന്നൊക്കെ തോന്നും. എടുത്ത് കഴിഞ്ഞ് ഇത്ര വര്‍ഷത്തിന് ശേഷം കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നിയിട്ട് കാര്യമില്ലല്ലോ,’ രാജമൗലി പറഞ്ഞു.
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവുമൊത്താണ് രാജമൗലിയുടെ അടുത്ത ചിത്രം. എസ്.എസ്.എം.ബി 29 എന്ന് താത്കാലിക ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. വന്‍ ബജറ്റില്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: S S Rajamouli saying he felt cringe when he watch his first movie Student No 1