Entertainment
മൂന്നാംമുറയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതായിരുന്നില്ല, ആ ക്ലൈമാക്‌സ് മാറ്റാന്‍ കാരണം ഇതാണ്; എസ്. എന്‍. സ്വാമി
മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ ചക്കരയുമ്മ എന്ന സിനിമക്ക് കഥയെഴുതി കരിയര്‍ ആരംഭിച്ച സ്വാമി 1987ല്‍ റിലീസായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്റെ ശൈലി മാറ്റി. ആക്ഷന്‍, ത്രില്ലര്‍ ഴോണറുകളില്‍ മികച്ച സിനിമകളായിരുന്നു സ്വാമി രചിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ സി.ബി.ഐ സീരീസും എസ്.എന്‍. സ്വാമിയുടെ തൂലികയില്‍ പിറന്നതാണ്.
1988ല്‍ എസ്.എന്‍ സ്വാമി-കെ. മധു കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു മൂന്നാംമുറ. മലയാളികള്‍ അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത റെസ്‌ക്യൂ ത്രില്ലര്‍ സിനിമയായിരുന്നു അത്. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ വന്ന സിനിമ അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു. ആ സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി.
‘മൂന്നാംമുറയുടെ ആദ്യത്തെ ക്ലൈമാക്‌സ് ഇപ്പോള്‍ കാണുന്നപോലെ ആയിരുന്നില്ല. എല്ലാവരെയും രക്ഷിച്ച ശേഷം അലി ഇമ്രാന്റെ പേര് ആരും എവിടെയും പറയില്ല. സുകുമാരന്റെ കഥാപാത്രത്തെയും ബാക്കി പൊലീസുകാരെയും മന്ത്രിമാരും ബാക്കിയുള്ളവരും അനുമോദിക്കുന്നതായിരുന്നു ആ ക്ലൈമാക്‌സ്. സെന്‍സര്‍ ചെയ്യാന്‍ വേണ്ടി സിനിമ സബ്മിറ്റ് ചെയ്തപ്പോള്‍ സെന്‍സര്‍ബോര്‍ഡ് പറഞ്ഞു, ഈ ക്ലൈമാക്‌സ് വേണ്ട. പൊലീസുകാരെ താഴ്ത്തിക്കെട്ടുന്നതു പോലെയുണ്ടെന്ന്. ഞങ്ങള്‍ക്ക് അപ്പീല്‍ പോകാനോ റിവൈസിങ് കമ്മിറ്റിയുടെ അടുത്ത് പോവാനോ ഉള്ള സമയമുണ്ടായിരുന്നില്ല.
ക്ലൈമാക്‌സ് റീഷൂട്ട് ചെയ്ത് സെന്‍സറിങിന് കൊടുത്തു. അവര്‍ അത് അപ്രൂവ് ചെയ്തു. അതാണ് ഇപ്പോള്‍ എല്ലാവരും കാണുന്ന ക്ലൈമാക്‌സ്. എല്ലാ പൊലീസുകാരും അലി ഇമ്രാനെ അഭിനന്ദിക്കുന്ന ക്ലൈമാക്‌സ്. പക്ഷേ സെന്‍സറിങ്ങിന് കൊടുക്കുന്നതിന് മുന്നേ ഞങ്ങള്‍ ആ സിനിമക്ക് പ്രിവ്യൂ വെച്ചു. അത് കാണാന്‍ ലാലിനൊപ്പം അയാളുടെ അമ്മയും വന്നിരുന്നു. സിനിമ കണ്ട് കഴിഞ്ഞ ശേഷം ലാലിന്റെ അമ്മ എന്റടുത്ത് വന്നു പറഞ്ഞു, ‘മോനെ, ഈ ക്ലൈമാക്‌സ് വിട്ടുകൊടുക്കാതെ നോക്കണം. മാറ്റാതിരിക്കാന്‍ നോക്ക്’ എന്ന്. പക്ഷേ വേറെ വഴിയാല്ലാത്തതു കൊണ്ട് ഞങ്ങള്‍ക്ക് മാറ്റേണ്ടി വന്നു,’ സ്വാമി പറഞ്ഞു.
സി.ബി.ഐ അഞ്ചാം ഭാഗത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യുകയാണ് സ്വാമി ഇപ്പോള്‍. റൊമാന്റിക് ഴോണറില്‍ പെടുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Content Highlight: S N Swamy discloses that Monnam Mura movie had an alternate climax