'അങ്ങനെയൊരു തിരിച്ചറിവ് നേടിയാല്‍ അതിനുള്ള ആര്‍ജവം കാണിച്ചേനെ'; കോളേജ് യൂണിയനെ വിമര്‍ശിച്ചും ബിനീഷ് ബാസ്റ്റിനെ പിന്തുണച്ചും പട്ടികജാതി-വര്‍ഗ കമ്മീഷനംഗം
Kerala News
'അങ്ങനെയൊരു തിരിച്ചറിവ് നേടിയാല്‍ അതിനുള്ള ആര്‍ജവം കാണിച്ചേനെ'; കോളേജ് യൂണിയനെ വിമര്‍ശിച്ചും ബിനീഷ് ബാസ്റ്റിനെ പിന്തുണച്ചും പട്ടികജാതി-വര്‍ഗ കമ്മീഷനംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 11:31 am

പാലക്കാട്: നടന്‍ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ചും എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കോളേജ് യൂണിയനെ വിമര്‍ശിച്ചും സി.പി.ഐ.എം നേതാവും പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംഗവുമായ എസ്. അജയകുമാര്‍. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ആദ്യം ശബ്ദം ഉയരുന്നത് കാമ്പസുകളില്‍ നിന്നാണെന്നും അങ്ങനെയൊരു കാമ്പസില്‍ ഒരുകാലത്തും നടന്നുകൂടാത്ത കാര്യമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നമ്മുടെ കാമ്പസുകളില്‍ ജാതി-മത-ലിംഗം തുടങ്ങിയ വിവിധ സാമൂഹ്യഘടനകളെക്കുറിച്ച്, അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രിവിലേജിനെക്കുറിച്ച, ഒക്കെ കൂടുതല്‍ അറിയേണ്ടതും മനസിലാക്കേണ്ടതും ഉണ്ട്.

അങ്ങനെ ഒരു തിരിച്ചറിവ് നേടിയാല്‍ ആ നടന്റെ ഒപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നു പറഞ്ഞ അനില്‍ രാധാകൃഷ്ണന്‍ മേനോനോട്, നിങ്ങള്‍ക്കു പറ്റില്ലെങ്കില്‍ നിങ്ങള്‍ പൊയ്‌ക്കോളൂ, എന്നു പറയാനുള്ള ആര്‍ജവം കൈവരിച്ചേനെ.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വിവേചനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

എസ്. അജയകുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് പറയാനുള്ളത് പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളോടും കോളേജ് യൂണിയനോടും ആണ്. ഒരു കോളേജ് യൂണിയന്‍ പരിപാടി നടത്താന്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാട് മനസിലാവും. കൊറേ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് പരിപാടി എങ്ങനെയെങ്കിലും നല്ല രീതിയില്‍ നടത്തണം എന്നാവും ആ കുട്ടികളുടെ മനസ്സില്‍.

പക്ഷെ അത് ഒരു കലാകാരന്റെ അതിലുപരി ഒരു മനുഷ്യന്റെ ഹൃദയം തകര്‍ത്തുകൊണ്ടാവരുത്തായിരുന്നു. ഒരു ക്യാമ്പസ്സില്‍ നിന്ന്, യൂണിയനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പൊതുസമൂഹത്തിന് പറയാന്‍ ധൈര്യപ്പെടാത്ത പല കാര്യങ്ങളും നിങ്ങള്‍ പറയും എന്നാണ്.

നാം ശ്രദ്ധിച്ചാല്‍ മനസിലാവും ഈ സമൂഹത്തിലെ അനീതികള്‍ക്കെതിരെ ആദ്യം ശബ്ദം ഉയരുന്നത് കാമ്പസുകളില്‍ നിന്നാണ്. അങ്ങനെ ഒരു ക്യാമ്പസ്സില്‍ ഒരു കാലത്തും നടന്നുകൂടാത്ത കാര്യം ആണ് നടന്നത്.

നമ്മുടെ കാമ്പസുകളില്‍ ജാതി-മത-ലിംഗ തുടങ്ങിയ വിവിധ സാമൂഹ്യ ഘടനകളെ കുറിച്ച്, അവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്, പ്രിവിലേജിനെ കുറിച്ച് ഒക്കെ കൂടുതല്‍ അറിയേണ്ടതും മനസിലാക്കേണ്ടതും ഉണ്ട്. അങ്ങനെ ഒരു തിരിച്ചറിവ് നേടിയാല്‍ ആ നടന്റെ ഒപ്പം വേദി പങ്കിടാന്‍ പറ്റില്ല എന്ന് പറഞ്ഞ അനില്‍ രാധാകൃഷ്ണന്‍ മേനോനോട്, നിങ്ങള്‍ക് പറ്റില്ലെങ്കില്‍ നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം കൈവരിച്ചേനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആ വേദിയില്‍ വെച്ച് നിങ്ങള്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇന്നത്തെ വാര്‍ത്തകളുടെ തലക്കെട്ടു മാറിയേനെ. ആ കലാകാരന്റെ ഹൃദയം തകരില്ലായിരുന്നു. അദ്ദേഹം നിറഞ്ഞ ഹൃദയത്തോടെ നിങ്ങളെ ചേര്‍ത്ത് പിടിക്കുമായിരുന്നു. കേരളത്തിന് ഇതൊരു പാഠമാണ്. ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍.

ബിനീഷ് ബാസ്റ്റിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൂടെ നില്‍ക്കുന്നു. ഈ വിവേചനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ഞാന്‍ ആവശ്യപെടുന്നു. അങ്ങ് ഈ നാടിന് കൊടുത്ത സന്ദേശം, ‘ഞാന്‍ പോലീസിനെ വിളിക്കും’ എന്ന് പറഞ്ഞ് ആക്രോശിച്ച ആ വിദ്യാസമ്പന്നനായ അദ്ധ്യാപകന് ഒരിക്കലും പകര്‍ന്ന് നല്‍കാന്‍ ആവില്ല.

More power to you!
കേരള പിറവി ആശംസകള്‍ !