Sports News
ചരിത്രത്തിലാദ്യം; വിരാടിനും രോഹിത്തിനും പോലും സാധിക്കാത്തത് ചെയ്തുകാണിച്ച് ഗെയ്ക്വാദ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 28, 03:32 pm
Tuesday, 28th November 2023, 9:02 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ മികച്ച സ്‌കോര്‍ പടത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ 222 റണ്‍സ് പടുത്തുയര്‍ത്തിയത്.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ആറ് പന്തില്‍ ആറ് റണ്‍സ് നേടി മടങ്ങിയപ്പോള്‍ അഞ്ച് പന്ത് നേരിട്ട് പൂജ്യത്തിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.

ആദ്യ ഓവറുകളില്‍ ഋതുരാജിനും സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ 29 പന്തില്‍ 39 റണ്‍സ് നേടി സ്‌കൈ പുറത്തായി.

പക്ഷേ പതിഞ്ഞ് തുടങ്ങിയ ഗെയ്ക്വാദ് തുടര്‍ന്നങ്ങോട്ട് കത്തിക്കയറുകയായിരുന്നു. 21 പന്തില്‍ 21 റണ്‍സ് എന്ന നിലയില്‍ നിന്നും 32ാം പന്തില്‍ ഋതുരാജ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ശേഷം 20 പന്ത് നേരിട്ട് സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കി.

 

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഋതുവിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഗെയ്ക്വാദ് കുറിച്ചത്.

 

ഒടുവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 222 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഗെയ്ക്വാദ് 57 പന്തില്‍ പുറത്താകാതെ 123 റണ്‍സ് നേടി. 13 ബൗണ്ടറിയും ഏഴ് സിക്‌സറും ഉള്‍പ്പെടെ 215.79 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

യുവതാരം തിലക് വര്‍മ ഗെയ്ക്വാദിന് മികച്ച പിന്തുണ നല്‍കി ക്രീസില്‍ തുടര്‍ന്നു. 24 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് താരം നേടിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ 60 പന്തില്‍ 88 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ശേഷിക്കുന്ന 60 പന്തില്‍ 134 റണ്‍സാണ് ഗെയ്ക്വാദും തിലകും ചേര്‍ന്ന് അടിച്ചെടുത്തത്.

ഓസ്‌ട്രേലിയക്കായി ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, അരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

 

Content highlight: Ruturaj Gaikwad completed century against Australia