മോസ്‌കോ: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മൊബിലൈസേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവാണ് (Sergei Shoigu) ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
”ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം പുതുതായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു,” ഒരു ടെലിവിഷന്‍ മീറ്റിങ്ങിനിടെ ഷോയിഗു പറഞ്ഞു.
സൈന്യത്തിലേക്ക് പുതുതായി എത്തിയവര്‍ക്ക് 80 പരിശീലന ഗ്രൗണ്ടുകളിലും ആറ് പരിശീലന കേന്ദ്രങ്ങളിലുമായി ട്രെയിനിങ് നല്‍കുന്നുണ്ടെന്നും ഷോയിഗു കൂട്ടിച്ചേര്‍ത്തു.
പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ എത്രയും പെട്ടെന്ന് യുദ്ധത്തിന് സജ്ജരാക്കാന്‍ സഹായിക്കണമെന്ന് സൈനിക- നാവികസേനാ കമാന്‍ഡര്‍മാരോട് ഷൊയ്ഗു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് യുദ്ധപരിചയമുള്ള ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശപ്രകാരം കൂടുതല്‍ പരിശീലനം നടത്തണമെന്നും അദ്ദേഹം പറയുന്നു.
റഷ്യ- ഉക്രൈന്‍ യുദ്ധം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലും ഉക്രൈനുമായുള്ള പോരാട്ടത്തില്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലുമായിരുന്നു കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നേരത്തെ പുടിന്‍ നിര്‍ദേശം നല്‍കിയത്.
ഇതിന്റെ ഭാഗമായായിരുന്നു ഉക്രൈനിലെ റഷ്യന്‍ സേനയുടെ സൈനികബലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൊബിലൈസേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചത്. ഉക്രൈനില്‍ നിന്നുള്ള തുടര്‍ച്ചയായ സൈനിക തിരിച്ചടികള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
മൊബിലൈസേഷന്‍ ‘ഭാഗിക’മാണെന്നും മൂന്ന് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപന സമയത്ത് റഷ്യ വ്യക്തമാക്കിയിരുന്നു.
അതേസമയം സൈനിക മൊബിലൈസേഷന്‍ ഡ്രൈവ് പ്രതിഷേധങ്ങള്‍ക്കും യുവാക്കളായ ആളുകള്‍ നിര്‍ബന്ധിത സൈനിക സേവനം ഭയന്ന് റഷ്യയില്‍ നിന്നും പലായനം ചെയ്യുന്നതിനും കാരണമായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
മിക്കവരും മുന്‍ സോവിയറ്റ് രാജ്യങ്ങളായ റഷ്യയുടെ അയല്‍ രാജ്യങ്ങളിലേക്കായിരുന്നു പലായനം ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് ലക്ഷം റഷ്യക്കാര്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയിലേക്ക് കടന്നതായി കസാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.