അങ്കാര: അമേരിക്കയുടെ ഉപരോധം വകവെക്കാതെ സൈനിക സഹകരണവുമായി റഷ്യയും തുര്‍ക്കിയും മുന്നോട്ട്. തുര്‍ക്കിക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.
നേരത്തെ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങിയതിന് അമേരിക്ക തുര്‍ക്കിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രതികാര നടപടികള്‍ അമേരിക്ക കടുപ്പിക്കുന്നതിനിടെയാണ് സൈനിക സഹകരണവുമായി മുന്നോട്ട് പോകുമെന്ന് റഷ്യ വ്യക്തമാക്കിയത്.
”റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം സ്വയംപര്യാപ്തമാണ്. അത് ആരുടെയും അക്രമണാത്മകവും ശത്രുതാപരവുമായ പ്രവര്‍ത്തനങ്ങളെയും താത്പര്യങ്ങളെയും ആശ്രയിക്കുന്നതല്ല,” ലവ് റോവ് പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും ദേശീയ താത്പര്യം കൂടി പരിഗണിച്ചുള്ള പരസ്പര സഹകരണത്തിനാണ് തുര്‍ക്കിയും റഷ്യയും പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക എസ് 400 വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുര്‍ക്കിയുടെ പരമാധികാരത്തെ നിഷേധിക്കുന്നതാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറഞ്ഞു.
ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് 400 വിമാനം വാങ്ങിയതിന് പിന്നാലെ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരുന്നത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയുക്ത പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൃത്യസമയത്ത് തക്കതായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു തുര്‍ക്കിയുടെ പ്രതികരണം.
‘പ്രസിഡന്റ് ട്രംപ് തന്നെ പല സന്ദര്‍ഭങ്ങളില്‍ തുര്‍ക്കി എസ്-400 മിസൈല്‍ വാങ്ങിയത് അംഗീകരിച്ചതാണ്. ഇപ്പോഴത്തെ തെറ്റായ തീരുമാനം യു.എസ് പുനരാലോചിക്കണം.
അല്ലെങ്കില്‍ കൃത്യസമയത്ത് തക്കതായ രീതിയില്‍ തിരിച്ചടിക്കും’ തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
എസ്-400 മിസൈലുകളുടെ പേരില്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി തര്‍ക്കത്തിലാണ്. നേരത്തെ എഫ്-35 ഫൈറ്റര്‍ സ്റ്റെല്‍ത്ത് ഡെവലപ്പ്മെന്റ് ആന്റ് ട്രെയ്നിംഗ് പ്രോഗ്രാമില്‍ നിന്നും അമേരിക്ക തുര്‍ക്കിയെ ഒഴിവാക്കിയിരുന്നു.
അമേരിക്കയുടെ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് തുര്‍ക്കിയുടേതെന്നും ഇത് നാറ്റോ കരാറുകളുടെ ലംഘനമാണെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്.
റഷ്യയുടെ പ്രതിരോധ വകുപ്പിനെ സാമ്പത്തികമായി സഹായിക്കുന്നതു കൂടാതെ റഷ്യക്ക് തുര്‍ക്കിയുടെ പ്രതിരോധമേഖലയില്‍ കടന്നുവരാന്‍ കൂടി ഈ മിസൈല്‍ വാങ്ങല്‍ നടപടി വഴിയൊരുക്കുമെന്ന് അമേരിക്ക ആരോപിക്കുന്നു. ഇത് തങ്ങളുടെ സൈനികരംഗത്തിന് വലിയ ഭീഷണിയാണെന്നും അമേരിക്ക പറയുന്നു.
‘തുര്‍ക്കി ഞങ്ങളുടെ ഏറെ പ്രധാനപ്പെട്ട സഖ്യകക്ഷിയും സുരക്ഷാമേഖലയിലെ പങ്കാളിയുമാണ്. അതുകൊണ്ട് തന്നെ എസ്-400 മിസൈല്‍ സ്വന്തമാക്കിയ തുര്‍ക്കി നടപടിയില്‍ പരിഹാരം കണ്ടുകൊണ്ട് ദശാബ്ദങ്ങളായി തുടരുന്ന പ്രതിരോധ മേഖലയിലെ അമേരിക്ക-തുര്‍ക്കി ബന്ധം പുനസ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’ അമേരിക്കന്‍ പ്രതിനിധി മൈക്ക് പോംപേ നേരത്തെ പറഞ്ഞിരുന്നു.