ഈ വര്‍ഷം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ റിലീസായ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് 28 വര്‍ഷത്തിന് ഇതേ കോമ്പോ ഒരുക്കിയത്. കഥയും തിരക്കഥയും ഉള്‍പ്പെടെ എല്ലാ മേഖലയും അമ്പേ പരാജയമായി മാറിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 250 കോടിയിലൊരുങ്ങിയ ചിത്രത്തിന് വെറും 120 കോടി മാത്രമാണ് നേടാന്‍ സാധിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ പേജുകളിലും ചിത്രത്തിലെ സീനുകള്‍ കീറിമുറിക്കപ്പെട്ടു.
ചിത്രത്തിന്റെ ഒടുവില്‍ ഇന്ത്യന്‍ 3യുടെ ട്രെയ്‌ലര്‍ കാണിച്ചിരുന്നു. സേനാപതി എന്ന കഥാപാത്രത്തിന്റെ അച്ഛനായ വീരശേഖരന്റെ കഥയാണ് മൂന്നാം ഭാഗം പറയുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ ഇന്ത്യന്‍ 3 അടുത്ത വര്‍ഷം തുടക്കത്തില്‍ റിലീസാകുമെന്നാണ് അറിയിച്ചത്. എന്നാല്‍ രണ്ടാം ഭാഗം തിയേറ്ററുകാര്‍ക്ക് വരുത്തിവെച്ച നഷ്ടം കാരണം മൂന്നാം ഭാഗം നേരിട്ട് ഒ.ടി.ടിയിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന റൂമറുകള്‍. 200 കോടിക്ക് രണ്ടും മൂന്നും ഭാഗം നെറ്റ്ഫ്‌ളിക്‌സിന് വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗത്ത് ആഫ്രിക്കയിലടക്കം പോയി ചിത്രീകരിച്ച സീനുകളാണ് ഇന്ത്യന്‍ 3യിലുള്ളത്. ചിത്രത്തിലെ വീരശേഖരന്‍ എന്ന കഥാപാത്രത്തിനായി കമല്‍ ഹാസനം ഡീ ഏജ് ചെയ്ത് അവതരിപ്പിക്കുന്നു എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ മൂന്നാം ഭാഗത്തിനുണ്ട്. എന്നാല്‍ വിതരണക്കാര്‍ക്ക് വമ്പന്‍ നഷ്ടം വരുത്തിവെച്ച രണ്ടാം ഭാഗം കാരണം ഇന്ത്യന്‍ 3 ബിഗ് സ്‌ക്രീനിലേക്കെത്തുമോ ഇല്ലയോ എന്ന കാര്യം സംശയമാണ്.
കമല്‍ ഹാസന് പുറമെ സിദ്ധാര്‍ത്ഥ്, എസ്.ജെ. സൂര്യ, രാകുല്‍ പ്രീത് സിങ്, കാളിദാസ് ജയറാം, ബോബി സിംഹ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. അന്തരിച്ച നടന്മാരായ വിവേക്, നെടുമുടി വേണു, മനോബാല എന്നിവരെ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെയധികം വീക്കായ തിരക്കഥയില്‍ ഇതെല്ലാം അമ്പേ പാളിയിരുന്നു.
സൗത്ത് ഇന്ത്യന്‍ സെന്‍സേഷനെന്ന് അറിയപ്പെടുന്ന അനിരുദ്ധ് ഇന്ത്യന്‍ 2വിനായി ഒരുക്കിയ സംഗീതവും വിമര്‍ശിക്കപ്പെട്ടു. ചിത്രത്തിലെ പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ അമിത ഉപയോഗവും ട്രോളന്മാരുടെ ഇരയായി മാറി. മൂന്നാം ഭാഗത്തിന്റെ റിലീസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Rumors that Indian 3 will release through Netfilx