ന്യൂദല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം വീണ്ടും സംശയത്തിന്റെ നിഴലില്‍. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ലമെന്റില്‍ ഭരണപക്ഷ എം.പിമാര്‍ കുറവായിരിക്കെ വോട്ടെടുപ്പ് നടത്താതെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്. ശബ്ദവോട്ടെടുപ്പിലാണ് ബില്ല് പാസാകുന്നത്. അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഇത് മറികടക്കാനാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നും സമയം നീട്ടിനല്‍കിയതെന്നുമുള്ള പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ സ്വന്തം സീറ്റിലല്ലായിരുന്നു എന്നാണ് സര്‍ക്കാരും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗും ശബ്ദവോട്ടെടുപ്പിനെ ന്യായീകരിച്ച് പറഞ്ഞിരുന്നത്.
1.03 നാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സമയം നീട്ടരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ഉപാധ്യക്ഷന്‍ തയ്യാറായില്ലെന്ന് ഡി.എം.കെ എം.പി ത്രിച്ചി ശിവ പറഞ്ഞു. പാര്‍ലമെന്റിന്റെ സമ്മതത്തോടെയാണ് ഇത്തരം നടപടികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
’12 പ്രതിപക്ഷ എം.പിമാര്‍ പ്രമേയത്തിനായി അനുമതി തേടുന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ ട്രഷറി ബെഞ്ചിലേക്ക് നോക്കിയാണ് സമയം നീട്ടിനല്‍കിയത്’, അദ്ദേഹം പറഞ്ഞു.
ബില്ല് സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ എം.പിമാര്‍ പറയുന്നത് രാജ്യസഭയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
1.10 ന് ത്രിച്ചി ശിവയുടെ പ്രമേയം സെലക്ട് കമ്മിറ്റിയ്ക്ക് വിടുമ്പോള്‍ അദ്ദേഹം സ്വന്തം സീറ്റിലിരുന്ന് ബില്ല് വോട്ടെടുപ്പിന് വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്പീക്കര്‍ ആവശ്യം തള്ളുകയായിരുന്നു. 1.11 ന് 92-ാം നമ്പര്‍ സീറ്റിലിരുന്ന് കെ.കെ രാഗേഷും വോട്ടെടുപ്പ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങില്‍ വ്യക്തമാണ്.