ഭരണാധികാരികള്‍ തീരുമാനങ്ങളില്‍ ദിവസവും ആത്മപരിശോധന നടത്തണം: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ
national news
ഭരണാധികാരികള്‍ തീരുമാനങ്ങളില്‍ ദിവസവും ആത്മപരിശോധന നടത്തണം: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 10:11 pm

ഹൈദരാബാദ്: ഭരണാധികാരികളെടുക്കുന്ന തീരുമാനങ്ങള്‍ നല്ലതാണോ എന്ന് ദിവസവും ആത്മപരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഒരു തീരുമാനം എടുക്കുമ്പോള്‍ അവയ്ക്ക് മോശം സ്വഭാവമുണ്ടോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശില്‍ ശ്രി. സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗിന്റെ 40ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ജനാധിപത്യ സംവിധാനത്തിലെ എല്ലാ ഭരണാധികാരികളും അവരുടെ പതിവ് ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് എന്തെങ്കിലും മോശം സ്വഭാവമുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അവര്‍ ന്യായമായ ഭരണം നല്‍കേണ്ടതുണ്ട്, അത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കണം,’ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലെ ആത്യന്തിക പ്രഭുക്കന്മാര്‍ ജനങ്ങളാണെന്നും ഭരണകൂടം എന്ത് തീരുമാനമെടുത്താലും അത് അവര്‍ക്ക് ഗുണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും സ്വതന്ത്രവും സത്യസന്ധവുമായ ലക്ഷ്യത്തോടെ ജനങ്ങളെ സേവിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എളിമ, അച്ചടക്കം, നിസ്വാര്‍ത്ഥത, അനുകമ്പ, സഹിഷ്ണുത, ക്ഷമ, പരസ്പര ബഹുമാനം എന്നിവയുടെ ധാര്‍മ്മിക മൂല്യങ്ങളും ഗുണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രയോജനകരമായ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഗുരുനാനാക്കിന്റെ ജന്മദിനമായ വെള്ളിയാഴ്ച അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്നത്.

കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Rulers need to introspect everyday, says CJI Ramana