Advertisement
Kerala News
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യുന്നില്ല; ലീഗിനുള്ളില്‍ അമര്‍ഷം രൂക്ഷമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 23, 03:15 am
Wednesday, 23rd June 2021, 8:45 am

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാത്തതില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളില്‍ അമര്‍ഷം രൂക്ഷമാകുന്നു.

ലീഗിന്റെ അഞ്ചോ ആറോ നേതാക്കള്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി കൂടിയാലോചനകള്‍ ഇല്ലാതെ കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉന്നതാധികാരസമിതിയിലെ മുഴുവന്‍ പേരും ചേര്‍ന്ന് സീറ്റ് വീതം വെച്ചെടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗിന്റെ സംഘടനാ സംവിധാനത്തെ ഇത് ബാധിച്ചുവെന്നും നേതാക്കള്‍ പറയുന്നു.

മുന്‍ എം.എല്‍.എമാരായ പി.കെ. അബ്ദുറബ്ബും കെ.എം. ഷാജിയും ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ച് ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത പുറത്തായത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ ശേഷം പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇത് നീണ്ടുപോകുകയായിരുന്നുവെന്നുമാണ് നേതാക്കളുടെ വാദം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി സീറ്റ് തിരിച്ചുപിടിച്ചപ്പോള്‍ നാല് സിറ്റിംഗ് സീറ്റുകളാണ് ലീഗിന് നഷ്ടമായത്. 27 മണ്ഡലങ്ങളില്‍ ലീഗ് മത്സരിച്ചെങ്കിലും 15 ഇടത്ത് വിജയം കൈവരിക്കാനെ പാര്‍ട്ടിയ്ക്ക് സാധിച്ചുള്ളു.

പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊക്കെ ലീഗിന്റെ ഭൂരിപക്ഷം കുറയുന്ന കാഴ്ചയായിരുന്നു. അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 1.14 ലക്ഷമായി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം കുറഞ്ഞു.

നാല് സീറ്റ് അധികം ലഭിച്ചപ്പോള്‍ നാല് സീറ്റ് നഷ്ടമായത് സംഘടനാ സംവിധാനത്തിലെ പരാജയമാണെന്നാണ് നേതാക്കളുടെ പക്ഷം.

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കളമശ്ശേരിയിലെ സീറ്റ് നഷ്ടപ്പെടുത്തി. കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലും ലീഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്.

സമസ്തയുടെ ഒരുവിഭാഗം പാര്‍ട്ടിയെ പിന്തുണയ്ക്കാത്തതും തിരിച്ചടിയ്ക്ക് കാരണമായി. ഇതോടൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വിചാരിച്ചത്ര ഫലമുണ്ടാക്കിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Ruckus In Muslim League After Assembly Election