Kerala News
യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 03:59 am
Saturday, 25th January 2025, 9:29 am

ആലപ്പുഴ: ഹരിപ്പാട് യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് കുത്തേറ്റു. സേവാഭാരതി പ്രവര്‍ത്തകനായ മഹാദേവികാട് കളത്തിപ്പറമ്പില്‍ വടക്കതില്‍ ബിജുകുമാറി (37)നാണ് കുത്തേറ്റത്. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ് ഇയാള്‍. നെഞ്ചിലും വയറിലും ആഴത്തിലുള്ള മുറിവുണ്ട്.

ആക്രമണത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ മഹാദേവികാട് പരുത്തിപ്പള്ളില്‍ നിതിന്‍ മോഹന്‍ (28) ആണ് അറസ്റ്റിലായത്. മാരകായുധവുമായി കൊലവിളി നടത്തിയ പ്രതിയെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ മുമ്പും പ്രതി ആയിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് (വ്യാഴാഴ്ച്ച) ആക്രമണം നടന്നത്. തന്റെ കൂടെ ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ബിജുകുമാറിന്റെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തി നിതിന്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. യുവതിയുടേയും അവരുടെ വിദ്യാര്‍ത്ഥിയായ സഹോദരന്റെയും കഴുത്തില്‍ കത്തിവെച്ചായിരുന്നു യുവാവിന്റെ ഭീഷണി.

തടയാന്‍ ശ്രമിച്ച യുവതിയുടെ മുത്തശ്ശിക്ക് നേരെയും ഇയാള്‍ കത്തി വീശി. യുവതിയെ മുമ്പും ശല്യപ്പെടുത്തിയ ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവമറിഞ്ഞ് യുവതിയുടെ വീട്ടിലെത്തിയ ബിജുകുമാറും നിതിനും തമ്മില്‍ തര്‍ക്കമായി. ഇതിനിടയ്ക്ക് ബിജുകുമാറിന് കുത്തേല്‍ക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് വിവരം.

Content Highlight: RSS members clashed over threatening  young woman; One person was stabbed