India
മോദി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി സംഘപരിവാര്‍ തൊഴിലാളി സംഘടന; പ്രതിഷേധം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 08, 03:34 am
Sunday, 8th October 2017, 9:04 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങി ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ഭാരത് മസ്ദൂര്‍ സംഘ് (ബി.എം.എസ്). മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും സാമ്പത്തിക നയത്തിനുമെതിരെ നവംബര്‍ 17 നു പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് ബി.എം.എസ് ഒരുങ്ങുന്നത്.


Also Read: ആള്‍ദൈവ ആശ്രമത്തില്‍ രാഷ്ട്രപതി പോകുന്നത് ഭരണഘടനാ വിരുദ്ധം; അമൃതാനന്ദമയി ഗുര്‍മീതിന്റെ പ്രതീകമെന്നും യുക്തിവാദി സംഘം


ആര്‍.എസ്.എസ് ആസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചേര്‍ന്നുവന്ന ബി.എം.എസ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിനാണ് ബി.എം.എസ് ശ്രമിക്കുന്നതെന്നും ഇടത് അനുകൂല തൊഴിലാളി സംഘടനകളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് നടത്താനാണ് ശ്രമമെന്നും ബി.എം.എസ് ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു. നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ദസ്സറ ദിനത്തില്‍ നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു മോഹന്‍ ഭാഗവത് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ബി.എം.എസ് ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.


Dont Miss: മോദിയുടെ നോട്ടുനിരോധനത്തെ തുറന്ന് കാട്ടി ‘പറക്കും താമരയുമായി’ ഏ.ആര്‍ റഹ്മാന്‍


മോദി സര്‍ക്കാരും ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിലും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും പരാജയപ്പെട്ടെന്ന് വ്രിജേഷ് ഉപാധ്യായ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ തുടരുന്നതല്ലാതെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബി.എം.എസ് നേതാവിന്റെ വിമര്‍ശനം.

തെഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കുക വഴി തൊഴിലടങ്ങിലെ സമാധാനാവസ്ഥ തകരാറിലായെന്നും ഇത്തരം നയങ്ങള്‍ അനുവദിച്ച് കൊണ്ടു മുന്നോട്ട് പോകാന്‍ കഴിയില്ലന്നെും വ്രിജേഷ് പറഞ്ഞു.