ഹൈദരാബാദ്: മുസ്‌ലീങ്ങള്‍ക്കുള്ള സംവരണം 12 ശതമാനമായി ഉയര്‍ത്താനുള്ള തെലങ്കാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍.എസ്.എസ്. ന്യൂനപക്ഷ പ്രീണനമാണ് രാജ്യത്തെ വിഭജിച്ചതെന്നും അത് വഴി രാജ്യത്തെ നശിപ്പിച്ചതെന്നും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞു.
ഹൈദരാബാദില്‍ ആര്‍.എസ്എസ് സംഘടിപ്പിച്ച വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള 83 ശതമാനം വരുന്ന ഹിന്ദു സമൂഹം ന്യൂനപക്ഷ സംവരണത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സംവരണത്തെക്കുറിച്ച് പറഞ്ഞത് സംവരണമില്ലാതെ ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് രാജ്യം വിടാമെന്നായിരുന്നെന്നും ആ വാക്കുകള്‍ ഇപ്പോള്‍ പ്രസക്തമാണെന്നും കൃഷ്ണ ഗോപാല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിഭജനത്തിന് കാരണമായ സമൂഹത്തെ ന്യൂനപക്ഷമായി കണക്കാക്കാനാവില്ലെന്ന് പട്ടേല്‍ പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേരത്തെ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറമെ നിന്ന് ഇന്ത്യയിലെത്തിയ ഒന്നാണ് തൊട്ടുകൂടായ്മയെന്നും അതിന് മുന്‍പ് പുരാതന ഇന്ത്യയില്‍ തീണ്ടായ്മ നിലനിന്നിരുന്നില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞിരുന്നു.