കോഴിക്കോട്: സ്വന്തം പണമെടുത്ത് ഒരു മെഴുകുതിരി പോലും മൊയ്തീന് വേണ്ടി കാഞ്ചനമാല കത്തിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. മുക്കത്തെ വലിയ ജന്മികുടുംബത്തിലെ അംഗമാണ് കാഞ്ചനമാല. അവകാശികളില്ലാതെ കോടികളുടെ സ്വത്താണ് അവര്‍ക്കുള്ളത്. സംശയമുള്ളവര്‍ക്ക് മുക്കത്ത് പോയി ഇക്കാര്യം അന്വേഷിക്കാം. കാഞ്ചനമാലയുടെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ സ്വന്തം പണം സേവാസമിതിക്ക് നല്‍കുമായിരുന്നു. മൊയ്തീനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാഞ്ചനമാല അദ്ദേഹത്തോട് നീതി പുലര്‍ത്തിയില്ലെന്നും വിമല്‍ പറഞ്ഞു.
സിനിമയെ കുറിച്ചും തന്നെ കുറിച്ചും കാഞ്ചനമാല നടത്തിയ വിമര്‍ശനങ്ങളില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു ആര്‍.എസ് വിമല്‍. സിനിമ നല്‍കിയ പ്രശസ്തി ആസ്വദിക്കുന്ന കാഞ്ചനമാല തരം കിട്ടുമ്പോള്‍ തന്നെയും സിനിമയെയും അവഹേളിക്കുന്നതായും വിമല്‍ പറഞ്ഞു.
സിനിമ ഇറങ്ങിയ ശേഷം കാഞ്ചനമാലയെ കാണണണെങ്കില്‍ ടോക്കണ്‍ കൊടുക്കണം. അവര്‍ സേവാസമിതിയില്‍ പട്ടുസാരിയൊക്കെ ഉടുത്തിരിക്കും. കാണാന്‍ ചെല്ലുന്നവര്‍ ടോക്കണ്‍ എടുക്കുന്നതോടൊപ്പം സേവാസമിതിയ്ക്ക് വേണ്ടി സംഭാവനകളും നല്‍കും. ഇന്ന് കോഴിക്കോട്ട് എന്ത് സാംസ്‌കാരിക പരിപാടിയുണ്ടെങ്കിലും കാഞ്ചനമാല വേദിയിലുണ്ടാകും. ഇതൊക്കെ തന്റെ സിനിമ നല്‍കിയ മൈലേജ് കൊണ്ടാണെന്നും വിമല്‍ പറഞ്ഞു.