Entertainment news
മോഹന്‍ലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്, പൃഥ്വിയുടെ ഡയറക്ഷന്‍ ഇഷ്ടമാണ്: ആര്‍.ആര്‍.ആര്‍ ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 20, 10:00 am
Sunday, 20th March 2022, 3:30 pm

ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കുന്ന ആര്‍.ആര്‍.ആര്‍ റിലീസിന് തയാറെടുത്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ എന്നിവര്‍ പേര്‍ളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മലായള സിനിമയെ കുറിച്ചാണ് മൂവരും സംസാരിക്കുന്നത്. മലയാളത്തിലെ താരങ്ങളോട് ആരാധനയാണെന്ന് മൂവരും പറയുന്നു.

മലയാള സിനിമ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് മലയാളം ആക്ടേഴ്‌സും. ഞങ്ങള്‍ അവരെ ഒരുപാട് ആരാധിക്കുന്നുണ്ട്.

മിന്നല്‍ മുരളി എന്ന ചിത്രം കണ്ടിരുന്നു. നല്ല സിനിമയാണ്, ലാല്‍ സാറിന്റേയും പൃഥ്വിയുടേയുമെല്ലാം സിനിമകള്‍ കാണാറുണ്ട്. പൃഥ്വിയുടെ ലൂസിഫര്‍ അസാധ്യമായൊരു ചിത്രമാണ്. അദ്ദേഹം നല്ലൊരു ഡയറക്ടറാണ്. ഞങ്ങളൊക്കെ നിങ്ങളുടെ സിനിമയുടെ ആരാധകരാണ്. നിങ്ങളുടെ പ്രേക്ഷകരും അടിപൊളിയാണ്,’ താരങ്ങള്‍ പറയുന്നു.

ചിത്രത്തിന്റെ ആഘോഷഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഏറ്റുക ജണ്ട എന്ന മലയാള പതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

1920കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടാല്‍ സംഭവിക്കാവുന്ന കാര്യങ്ങളുടെ ഭാവനയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

കേരളത്തിലെ പ്രശസ്ത നിര്‍മാതാവായ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയ ഷിബുവിന്റെ എച്ച്.ആര്‍. പിക്‌ചേഴ്‌സാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.


Content Highlights: RRR team speaks about Mohanlal and Prithviraj