IPL
റയല്‍ മാഡ്രിഡിനെ മറികടന്ന് പുതിയ റെക്കോഡുമായി ആര്‍.സി.ബി; ഐ.പി.എല്‍ ന്നാ സുമ്മാവാ...
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 18, 04:48 pm
Tuesday, 18th April 2023, 10:18 pm

ഐ.പി.എല്ലിന്റെ ആവേശം അലതല്ലുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ ആവേശം കേവലം ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. സോഷ്യല്‍ മീഡിയയിലും ഐ.പി.എല്ലിന്റെ ആവേശം വാനോളമുയരുകയാണ്. പോസ്റ്റുകളും ഫാന്‍ ഫൈറ്റുകളുമായി ആരാധകര്‍ ഐ.പി.എല്ലിനെ ആഘോഷമാക്കുകയാണ്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സോഷ്യല്‍ മീഡിയ ഇന്ററാക്ഷനില്‍ ഐ.പി.എല്‍ ടീമുകള്‍ പല വമ്പന്‍മാരെയും മറികടന്നിരിക്കുകയാണ്. പ്രമുഖ സ്റ്റാറ്റിസ്റ്റിക്‌സ് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയ ഇന്ററാക്ഷനില്‍ ഐ.പി.എല്‍ ടീമുകള്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിലെ സൂപ്പര്‍ ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ സോഷ്യല്‍ മീഡിയ ഇന്ററാക്ഷനില്‍ ആദ്യ അഞ്ചിലെത്തിയിരിക്കുകയാണ്.

പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. 123 മില്യണ്‍ സോഷ്യല്‍ മീഡിയ ഇന്ററാക്ഷനുകളാണ് മുംബൈ പള്‍ട്ടാനുകള്‍ക്കുള്ളത്. 144 മില്യണോടെ നാലാം സ്ഥാത്താണ് ധോണിപ്പട.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളതും പ്രശസ്തിയാര്‍ജ്ജിച്ചതുമായ റയല്‍ മാഡ്രിഡാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. 150 മില്യണാണ് മാര്‍ച്ച് മാസത്തില്‍ റയലിന് ലഭിച്ച ഇന്ററാക്ഷനുകള്‍.

കോഹ്‌ലി എന്ന എക്‌സ് ഫാക്ടറിന്റെ കരുത്തില്‍ സാക്ഷാല്‍ റയല്‍ മാഡ്രിഡിനെയും മറികടന്നാണ് ടീം പ്ലേ ബോള്‍ഡ് പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. 157 മില്യണാണ് സോഷ്യല്‍ മീഡിയയില്‍ മാര്‍ച്ചില്‍ ആര്‍.സി.ബിയുടെ സമ്പാദ്യം.

199 മില്യണ്‍ ഇന്ററാക്ഷനുകളുമായി റയല്‍ മാഡ്രിഡിന്റെ ആര്‍ച്ച് റൈവലുകളും ഫുട്‌ബോള്‍ ജയന്റുമായ ബാഴ്‌സലോണയാണ് പട്ടികയില്‍ ഒന്നാമത്.

ഐ.പി.എല്‍ ടീമുകളില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നുകൊണ്ടാണ് ആര്‍.സി.ബി രണ്ടാമതെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്.

 

Content Highlight: Royal Challengers Bengaluru surpasses Real Madrid in social media interactions