തിരുവനന്തപുരം:പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറിന് നിറംമാറ്റം. വെള്ളിയാഴ്ച ആരംഭിച്ച പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളാണ് മെറൂണ്‍ നിറത്തില്‍ അച്ചടിച്ചത്. നേരത്തെ ചോദ്യപേപ്പറിന്റെ നിറംമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്ലാതിരുന്നതിനാല്‍ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അധ്യാപകരും വിവരമറിയുന്നത്.
വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകളും ആരംഭിച്ചിരുന്നു. ഇതില്‍ നിറം മാറ്റമുണ്ടായിട്ടില്ല. ഇരു പരീക്ഷകളും ഒരേ ദിവസം ആരംഭിക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം ചോദ്യപേപ്പര്‍ മാറി വിതരണം ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് നിറം മാറ്റമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദ എന്നിവര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ചോദ്യപേപ്പര്‍ മാറി പൊട്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ മാറി വിതരണം ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഡോ. എസ്.എസ് വിവേകാനന്ദ വ്യക്തമാക്കി.
പ്ലസ് വണ്‍ പരീക്ഷയില്‍ അവശേഷിക്കുന്നവയുടെ ചോദ്യപേപ്പറുകളും മെറൂണ്‍ നിറത്തിലായിരിക്കും അച്ചടിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ചോദ്യപേപ്പറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫ്‌ളൂറസന്റ് രീതിയിലുള്ള നിറത്തില്‍ അച്ചടിച്ച ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികളുടെ കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതേസമയം മറ്റ് മേഖലകളിലെ പോലെ വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ചുവപ്പ്‌വത്ക്കരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദനും ആരോപിച്ചു.