തിരുവനന്തപുരം: സ്ത്രീകളെ അശ്ലീലം പറഞ്ഞ യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധം നടത്തിയ കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
തമ്പാനൂര്‍ പൊലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
യൂട്യൂബറെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ഇയാള്‍ക്കെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വിജയ് നായരുടെ മുഖത്ത് മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്. സംഭവം ഫേയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി. നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.