കസേരയുടെ താഴെ ഇരുത്തി തല്ലുന്ന സീൻ ഉണ്ട്, അത് യഥാർഥത്തിൽ ചൂരൽകൊണ്ടുള്ള അടിയായിരുന്നു: രൂപേഷ് പീതാംബരൻ
Entertainment
കസേരയുടെ താഴെ ഇരുത്തി തല്ലുന്ന സീൻ ഉണ്ട്, അത് യഥാർഥത്തിൽ ചൂരൽകൊണ്ടുള്ള അടിയായിരുന്നു: രൂപേഷ് പീതാംബരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th May 2023, 11:54 pm

വലിപ്പ ചെറുപ്പമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച സിനിമയാണ് സ്പടികം. ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷും ഉർവശിയെ അവതരിപ്പിച്ച ഡോ. ആര്യയും സ്പടികത്തിന്റെ ഷൂട്ടിങ് സെറ്റ് അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

ആക്ഷൻ പറഞ്ഞിട്ടും താൻ അഭിനയിക്കാത്തിരുന്നെന്നും തന്നെ ഛായാഗ്രാഹകൻ ജെ. വില്യംസ് വഴക്ക് പറഞ്ഞെന്നും രൂപേഷ് പറഞ്ഞു. ചിത്രത്തിൽ വടികൊണ്ട് തല്ലുന്ന സീൻ യഥാർഥത്തിൽ ഷൂട്ട് ചെയ്യേണ്ടി വന്നെന്നും രൂപേഷ് പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രൂപേഷും ആര്യയും.

‘സിനിമയിൽ സൈക്കിളിൽ പോകുന്ന സീൻ ഉണ്ട്. ഞാൻ അതുവരെ സൈക്കിളിൽ ഒന്നും കേറിയിട്ടില്ല. കുറച്ചു ദൂരം സൈക്കിൾ ഓടിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. എനിക്ക് രൂപേഷിന്റെ കൂടെ സൈക്കിളിൽ കയറാൻ പേടിയായിരുന്നു. സൈക്കിളിൽ കയറി ഇരുന്നപ്പോൾ രൂപേഷ് ഒന്നും മിണ്ടിയില്ല. നേരെ ഇരുന്നോ, പിടിച്ചാണോ ഇരിക്കുന്നത് എന്നൊന്നും ചോദിച്ചില്ല,’ ആര്യ പറഞ്ഞു.

ആക്ഷൻ പറയാതെ അഭിനയിക്കരുതെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞിട്ടുണ്ടെന്നും പാട്ട് ഉറക്കെ പ്ലേ ചെയ്തതുകൊണ്ടാണ് താൻ ഒന്നും കേൾക്കാനാകാതെ മിണ്ടാതെ നിന്നതെന്നും രൂപേഷ് പറഞ്ഞു.

‘എനിക്ക് ആ സമയത് കണ്ണട ഉണ്ടായിരുന്നു, കണ്ണടക്ക് നല്ല പവർ ആയിരുന്നു. ഷൂട്ടിങ് സമയത് അത് ഊരിവക്കും. അപ്പോൾ എനിക്ക് ഒന്നും കാണാൻ പറ്റില്ല. കൂടാതെ ക്യാമറയിൽ നോക്കരുതെന്നും, ‘ആക്ഷൻ’ എന്ന് പറയുമ്പോഴേ അഭിനയിക്കാവൂ എന്നും ഭദ്രൻ സർ പറഞ്ഞിട്ടുണ്ട്.

‘ഓർമ്മകൾ’ എന്ന പാട്ടു വളരെ ഉറക്കെ അവർ പ്ലേ ചെയ്തിട്ടുണ്ട് കൂടാതെ സ്മോക്കും ഇട്ടിട്ടുണ്ട്. അതിന്റെ ഒപ്പം ഞാൻ കണ്ണടയും വച്ചിട്ടില്ല. ഇവർ ‘ആക്ഷൻ’ എന്ന് പറയുന്നുണ്ട്. പക്ഷെ ഞാൻ കേൾക്കുന്നില്ല. പക്ഷെ ഇതിനിടക്ക് ആര്യ എന്നോട് പറയുന്നുണ്ട് പതുക്കെ സൈക്കിൾ നീക്കി തുടങ്ങാൻ. ഞാൻ അപ്പോൾ ആര്യയോട് മിണ്ടാതിരിക്കുന്നത് ‘ആക്ഷൻ’ എന്ന് പറയുന്നത് കേൾക്കാത്തതുകൊണ്ടാണ്. അപ്പോഴാണ് ജെ. വില്യംസ് അങ്കിൾ ‘ഇങ്ങോട്ട് വാടാ തിരുട്ടു മുണ്ടം’ എന്ന് പറയുന്നത്. അപ്പോഴാണ് ഞാൻ സൈക്കിൾ ചവിട്ടി തുടങ്ങിയത്. കട്ട് പറഞ്ഞിട്ട് ഞാൻ നിർത്തിയതുമില്ല (ചിരിക്കുന്നു),’ രൂപേഷ് പറഞ്ഞു.

ചൂരൽ കൊണ്ട് അടി കിട്ടുന്ന സീനിൽ തന്നെ യഥാർഥത്തിൽ തല്ലുന്നുണ്ടെന്നും പ്ലാസ്റ്റിക് ചൂരൽ വെച്ച് തല്ലിയിട്ട് സ്വിങ് ശരിയാകാത്തത്കൊണ്ടാണ് ചൂരൽ വെച്ച് തല്ലിയതെന്നും രൂപേഷ് കൂട്ടിച്ചേർത്തു.

‘കസേരയുടെ താഴെ ഇരുത്തി എന്നെ തല്ലുന്ന സീൻ ഉണ്ട്. അത് യഥാർഥത്തിലുള്ള അടിയാണ്. ആർട് ഡിപ്പാർട്ട്മെന്റ് കൊണ്ടുവരുന്ന പാലസ്റ്റിക് ചൂരൽ വെച്ച് തല്ലിയിട്ട് സ്വിങ് പോരാതെ വന്നു. അതുകൊണ്ട് തല്ലിയിട്ട് ശെരിയാകുന്നതും ഇല്ല. അതുകൊണ്ട് ഭദ്രൻ സർ ശെരിക്കും ചൂരൽ കൊണ്ടുവന്നു. അതുകൊണ്ട് കിട്ടിയ അടിക്ക് നല്ല വേദന ഉണ്ടായിരുന്നു,’ രൂപേഷ് പറഞ്ഞു.

Content Highlights: Roopesh Peethambaran on Spadikam movie