Film News
ലൂസിഫറിൽ വിനീതിന് മുൻപ് ബോബിക്ക് ഡബ്ബ് ചെയ്തത് മറ്റൊരാളായിരുന്നു: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 03, 11:30 am
Sunday, 3rd December 2023, 5:00 pm

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ മഞ്ജു വാര്യറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമാണ് വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി. ബോബി എന്ന കഥാപാത്രത്തിന്റെ ശബ്‌ദം മലയാള നടൻ വിനീതാണ് ചെയ്തത്. അന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു.

ബോബിയുടെ കഥാപാത്രത്തിന് വേണ്ടി ആദ്യം ഡബ്ബ് ചെയ്തത് സിനിമാട്ടോഗ്രാഫർ രാജീവ് മേനോൻ ആയിരുന്നെന്ന് റോണി ഡേവിഡ് പറഞ്ഞു. രാജീവിന് തമിഴ് സ്ലാങ്ങ് ശബ്ദത്തിൽ കയറി വരുന്നതുകൊണ്ട് ഡബ്ബ് ചെയ്തതെല്ലാം പൃഥ്വിരാജ് ഒഴിവാക്കിയെന്നും റോണി പറയുന്നുണ്ട്. അതിനു ശേഷം വിനീതിനെകൊണ്ട് മുഴുവൻ ഭാഗവും ഡബ്ബ് ചെയ്യിപ്പിച്ചെന്നും റോണി കൂട്ടിച്ചേർത്തു.

അമ്മ സംഘടനയുടെ പരിപാടിക്ക് പോയപ്പോൾ താൻ വിനീത് ഡബ്ബ് ചെയ്തത് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നെന്നും റോണി അൺ ഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ബോബിയുടെ ക്യാരക്ടറിനു വേണ്ടി ആദ്യം ഡബ്ബ് ചെയ്തത് രാജീവ് മേനോൻ സാർ ആയിരുന്നു. ഇത് എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയിൽ ഞാൻ കണ്ടെത്തിയതാണ്. സിനിമാട്ടോഗ്രാഫർ രാജീവ് മേനോൻ ചെയ്തു കഴിഞ്ഞിട്ട് അതിൽ തമിഴ് സ്ലാങ്ങ് കുറച്ചു കയറി വരുന്നതുകൊണ്ട് ആ ഡബ്ബ് എല്ലാം ഒഴിവാക്കി.

വിനീതേട്ടൻ വന്നതിന് ശേഷം അദ്ദേഹമാണ് അത് ഫുള്ള് ഡബ്ബ് ചെയ്തത്. നല്ല കാലത്ത് വിനീതേട്ടന് ശബ്ദം കൊടുത്തത് കൃഷ്ണേന്ദ്രൻ സാർ ആയിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും ഐകോണിക് വില്ലന് സൗണ്ട് കൊടുത്തത് വിനീതേട്ടനാണ്.

ഞാൻ അമ്മയുടെ ഒരു പരിപാടിക്ക് പോയപ്പോൾ വിനീതേട്ടനോട് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നു. ‘താങ്ക് യു ഡാ, ഇപ്പോഴും പലർക്കും ഇത് അറിയില്ല’ എന്ന് എന്റെ അടുത്ത് വിനീതേട്ടൻ പറഞ്ഞു,’ റോണി ഡേവിഡ് പറയുന്നു.

ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ വിശേഷം പങ്കുവെക്കുകയായിരുന്നു റോണി ഡേവിഡ്. ചിത്രത്തിൽ റോണിയുടെ നായികയായി വിൻസി അലോഷ്യസാണ് അഭിനയിക്കുന്നത്. നവംബർ 24നാണ് ചിത്രം തിയേറ്ററിലെത്തിയത്.

Content Highlight: Rony david about the person who dubbed for boby’s character