Football
സൂപ്പര്‍താരത്തിന്റെ മകന്‍ ബാഴ്‌സയിലേക്ക്; ചുവടുവെപ്പ് ഗംഭീരമാകട്ടെ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 13, 09:44 am
Friday, 13th January 2023, 3:14 pm

മുന്‍ ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയുടെ മകന്‍ ജാവോ മെന്‍ഡസ് ബാഴ്‌സലോണയില്‍ സൈന്‍ ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 17കാരനായ ജാവോ ബാഴ്‌സയില്‍ ട്രയല്‍സ് നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

നിലവില്‍ ബ്രസീലിയന്‍ യൂത്ത് ക്ലബ്ബായ ക്രുസേറിയക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരം ക്ലബ്ബുമായി കരാര്‍ അവസാനിപ്പിച്ചാണ് ബാഴ്‌സലോണ എഫ്.സിയില്‍ ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ട്രയല്‍സ് ബാഴ്‌സ പരിശീലകന്‍ ലപോര്‍ട്ട നേരിട്ട് നിരീക്ഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ബാഴ്‌സലോണയുടെ അംബാസഡറായ റൊണാള്‍ഡീഞ്ഞോ 2003-2008 കാലഘട്ടത്തിലാണ് ബാഴ്‌സക്കായി കളിച്ചത്. ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡീഞ്ഞോ മികച്ച സ്‌കില്‍ ഫുട്ബോളര്‍ എന്നാണ് അറിയപ്പെടുന്നത്.

ലയണല്‍ മെസിയുടെ ക്ലബ്ബ് കരിയറിന്റെ തുടക്കം റൊണാള്‍ഡീഞ്ഞോയോടൊപ്പം ആയിരുന്നു. ബാഴ്‌സലോണക്കായി കളിച്ച 200 മത്സരങ്ങളില്‍ 100 ഗോളുകള്‍ താരം അക്കൗണ്ടിലാക്കിയിരുന്നു.

97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 2002 ല്‍ ഫുട്ബോള്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു.

പി.എസ്.ജി, ബാഴ്സലോണ, എ.സി മിലാന്‍,ഫ്ളെമിങോ, അത്ലറ്റികോ മിനേറോ, ക്വറേട്ടറോ, ഫ്ളുമിനെന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ള റൊണാള്‍ഡീഞ്ഞോയ്ക്ക് 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlights: Ronaldinho’s son Joao Mendes signing with Barcelona, report