ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഇനി എന്റെ മകന്‍ കോടതിയില്‍ പോരാടും, ഇതാണ് ഈ സമൂഹത്തിനുള്ള എന്റെ മറുപടി: രാധിക വെമുല
national news
ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഇനി എന്റെ മകന്‍ കോടതിയില്‍ പോരാടും, ഇതാണ് ഈ സമൂഹത്തിനുള്ള എന്റെ മറുപടി: രാധിക വെമുല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 10:11 am

ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വീറ്റ് ചെയ്തു.

‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. ‘ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.’ അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘ രാധിക വെമുല ട്വീറ്റ് ചെയ്തു.

2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. 2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്‌റ്റൈപെന്‍ഡ് തുക യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കിയിരുന്നു.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതിവിവേചനങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികാരികള്‍ രോഹിതിനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രോഹിതിന്റെ മരണം ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായ പ്രതിഷേധം നടന്നിരുന്നു. രോഹിത് വെമുലയുടെ മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rohith Vemula’s brother Raja Vemula becomes advocate, Radhika Vemula tweets