ബോക്സ് ഓഫീസേ കരുതിയിരുന്നോ പൃഥ്വിയുടെ ഗാങ് വാർ പടം വരുന്നു; വമ്പൻ അപ്ഡേറ്റ്
Entertainment
ബോക്സ് ഓഫീസേ കരുതിയിരുന്നോ പൃഥ്വിയുടെ ഗാങ് വാർ പടം വരുന്നു; വമ്പൻ അപ്ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2024, 1:09 pm

തന്റെ വ്യത്യസ്ത സിനിമകളിലൂടെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത്.വി.എസ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമായ അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിൽ തന്നെ അത് പ്രകടമായിരുന്നു. ആസിഫ് അലിയുമായി ഒന്നിച്ച തന്റെ രണ്ടാമത്തെ ചിത്രത്തിലും അവതരണത്തിലൂടെ രോഹിത് പ്രേക്ഷകരെ ഞെട്ടിച്ചു.

ഇബിലീസ് എന്ന രണ്ടാമത്തെ ചിത്രം തിയേറ്ററിൽ വിജയമായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത ഫാന്റസി ഴോണറിനെ മികച്ച രീതിയിൽ രോഹിത് ഉപയോഗപ്പെടുത്തി. എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ വലിയൊരു വിഭാഗം പ്രേക്ഷകർക്കിടയിൽ രോഹിത് സ്വീകാര്യനാവുന്നത് കള എന്ന സിനിമയിലൂടെയാണ്.

ടൊവിനോയെ നായകനാക്കി രോഹിത് ഒരുക്കിയ കള കേരളത്തിന് പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. കള എന്ന ചിത്രത്തിന് ശേഷമാണ് രോഹിത് എന്ന സംവിധായകൻ കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ആസിഫ് അലിയെ നായകനാക്കി ടിക്കി ടാക്ക എന്ന ചിത്രം കൂടെ പ്രഖ്യാപിച്ചതോടെ പ്രേക്ഷകർക്ക് പ്രതീക്ഷ വർധിച്ചിരുന്നു.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആസിഫ് അലിയുടെ സിക്സ് പാക്ക് ലുക്കും ടീസർ ക്ലിപ്പും ആസിഫ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. നിലവിൽ ആസിഫ് അലിയുടെ പരിക്കുകാരണം ചിത്രം ഒരു ബ്രേക്കിലാണ്. എന്നാൽ തന്റെ അടുത്ത സിനിമയെ കുറിച്ചൊരു സൂചന നൽകിയിരിക്കുകയാണ് രോഹിത്. തന്റെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ആസ്ക് മീ എ കോസ്ററ്യൻ സെക്ഷനിൽ മറുപടി നൽകുകയായിരിന്നു അദ്ദേഹം.

ഒരു ഗാങ് വാർ മൂവി പ്രതീക്ഷിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് പൃഥ്വിരാജുമായി ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് രോഹിത് മറുപടി നൽകിയത്. ഇതോടെ പൃഥ്വിരാജ് ആരാധകരടക്കം ആവേശത്തിലായിരിക്കുകയാണ്. രോഹിത്തിന്റെ ഉത്തരം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമ അടുത്ത വർഷമുണ്ടാകുമെന്നാണ് രോഹിത് നൽകുന്ന സൂചന.

ടൊവിനൊക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിനെക്കുറിച്ചും ടിക്കി ടാക്കയുടെ അപ്ഡേറ്റും നൽകിയ രോഹിത് പ്രിയദർശനാണ് തന്റെ ഇഷ്ട സംവിധായകനെന്നും പറഞ്ഞു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി. ലൂസിഫറിന്റെ രണ്ടാംഭാഗമായ ഈ മോഹൻലാൽ ചിത്രം അടുത്ത വർഷമാവും തിയേറ്ററിൽ എത്തുക.

 

Content Highlight: Rohith.v.s update about his next movie with prithviraj