ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ വെറും 132 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ ഒരു ക്ലിനിക്കല്‍ വിജയമായിരുന്നു ഇന്ത്യയുടേത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നല്‍കിയത്. അഞ്ചാം ഓവറില്‍ രോഹിത് ക്രീസ് വിടുമ്പോള്‍ ടീം സ്‌കോര്‍ 53ല്‍ എത്തിയിരുന്നു. 16 പന്തില്‍ 33 റണ്‍സുമായാണ് രോഹിത് ശര്‍മ ക്രീസ് വിട്ടത്. മത്സരത്തില്‍ മികച്ച ഇംപാക്റ്റായിരുന്നു ഈ ഇന്നിങ്‌സിനുണ്ടായിരുന്നത്. മധ്യനിര ബാറ്റര്‍മാര്‍ക്ക് തകര്‍ത്തടിക്കാനുള്ള പ്ലാറ്റ് ഫോമുണ്ടാക്കാന്‍ രോഹിത്തിന്റെ ഈ ഇന്നിങ്‌സിന് സാധിച്ചിരുന്നു.
ആ മത്സരം വിജയിച്ചതോടെ ഏറ്റവും കൂടുതല്‍ ഓവര്‍സീസ് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ മാറി. എം.എസ്. ധോണിയുടെ റെക്കോഡാണ് അദ്ദേഹം മാറ്റിക്കുറിച്ചത്. 102 മത്സരത്തിലാണ് രോഹിത് ഓവര്‍സീസില്‍ ഇന്ത്യയുടെ വിജയത്തോടൊപ്പം ഉണ്ടായിരുന്നത്.
101 ഓവര്‍സീസ് വിജയങ്ങളില്‍ മുന്‍ നായകന്‍ ധോണി ടീമിന്റെ കൂടെയുണ്ടായിരുന്നു. ഇതിഹാസ താരം വിരാട് കോഹ്‌ലി ടീമിന്റെ കൂടെ 97 മത്സരത്തില്‍ വിജയിച്ചപ്പോള്‍ എക്കാലത്തെയും വലിയ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 89 വിജയങ്ങളില്‍ ടീമിനൊപ്പം കൂടി. നിലവില്‍ ഇന്ത്യന്‍ കോച്ചായ രാഹുല്‍ ദ്രാവിഡ് ഓവര്‍സീസില്‍ 84 വിജയത്തില്‍ പങ്കാളിയായിട്ടുണ്ട്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാല് മത്സരം കഴിഞ്ഞപ്പോള്‍ മൂന്നും വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.