Sports News
മികച്ച ക്യാപ്റ്റനാര്? ഉത്തരം പലതുണ്ടാകും; എന്നാല്‍ ഇങ്ങനെയൊരു ക്യാപ്റ്റന്‍സി റെക്കോഡ് രോഹിത്തിന് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 12, 04:22 pm
Wednesday, 12th February 2025, 9:52 pm

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചുകയറിയത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇംഗ്ലണ്ടിനെതിരെ പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് ശര്‍മ സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവുമധികം തവണ വൈറ്റ് വാഷ് വിജയം സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ചുരുങ്ങിയത് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര രോഹിത് ശര്‍മയുടെ സംഘം ക്ലീന്‍ സ്വീപ് ചെയ്യുന്നത്.

ഈ നാല് ക്ലീന്‍ സ്വീപ് വിജയങ്ങളും നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെയാണ് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. മൂന്ന് വീതം ക്ലീന്‍ സ്വീപ് വിജയങ്ങള്‍ സ്വന്തമായുള്ള വിരാട് കോഹ്‌ലിയും എം.എസ്. ധോണിയും രണ്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെയാണ് പരമ്പര വിജയം സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏറ്റവുമധികം ക്ലീന്‍ സ്വീപ് പരമ്പര വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍മാര്‍ (ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍)

(താരം – പരമ്പര വിജയം – പരാജയപ്പെടുത്തിയ ടീമുകള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 4 തവണ – വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്*

എം.എസ്. ധോണി – 3 തവണ – സിംബാബ്‌വേ, ഇംഗ്ലണ്ട് (രണ്ട് തവണ)

വിരാട് കോഹ്‌ലി – 3 തവണ – സിംബാബ്‌വേ, ശ്രീലങ്ക (രണ്ട് തവണ)

അജിന്‍ക്യ രഹാനെ – ഒരു തവണ – സിംബാബ്‌വേ

ഗൗതം ഗംഭീര്‍ – ഒരു തവണ – ന്യൂസിലാന്‍ഡ്

മുഹമ്മദ് അസറുദ്ദീന്‍ – ഒരു തവണ – സിംബാബ്‌വേ

ദിലീപ് വെങ്‌സര്‍ക്കാര്‍ – ഒരു തവണ – ന്യൂസിലാന്‍ഡ്

കപില്‍ ദേവ് – ഒരു തവണ – ശ്രീലങ്ക

കെ.എല്‍. രാഹുല്‍ – ഒരു തവണ – സിംബാബ്‌വേ

ശിഖര്‍ ധവാന്‍ – ഒരു തവണ – വെസ്റ്റ് ഇന്‍ഡീസ്

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗില്‍ 102 പന്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 55 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.

29 പന്തില്‍ 40 റണ്‍സടിച്ച കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാഖിബ് മഹ്‌മൂദ്, ഗസ് ആറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും പവലിയനിലേക്ക് മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിട്ടും ആദ്യ നാല് ബാറ്റര്‍മാരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടും ഇംഗ്ലണ്ടിന് വിജയം സ്വപ്‌നം മാത്രമായി അവശേഷിച്ചു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാനോ ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

ഒടുവില്‍ 34.2 ഓവറില്‍ ഇംഗ്ലണ്ട് 214ന് പുറത്തായി.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും നേടി.

 

Content highlight: Rohit Sharma tops the list of Indian captains to whitewash opponents in ODI